ഐഎസ്സില്‍ ചേര്‍ന്ന യുവാവ് കൊല്ലപ്പെട്ടു.

പാലക്കാട്: ഐഎസ്സില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം പൂക്കാരത്തോട്ടം അബുതാഹിറാണ്(28) ഏപ്രില്‍ നാലിന് കൊല്ലപ്പെട്ടത്. സിറിയയില്‍ യുഎസ് സൈന്യം നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ടെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

സിറിയയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേന ഖത്തറിലുള്ള ഒരു ബന്ധുവിനാണ് ആദ്യം സന്ദേശം ലഭിച്ചതെന്ന് പറയുന്നു. സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. അബുതാഹിര്‍ കൊല്ലപ്പെട്ടുവെന്ന ശബ്ദസന്ദേശം ഖത്തറിലുള്ള ചാവക്കാട് സ്വദേശിയായ ബന്ധുവിന് കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ലഭിച്ചത്.

അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് അബു താഹിറിന്റെ കുടുബം. 2013 ഒക്ടോബറിലാണ് അക്കൗണ്ടന്റ് ജോലി കിട്ടി ഖത്തറിലേക്കു പോയത്. 2014 ജൂലൈ ഒമ്പതിന് ഉംറക്കായി സൗദിയിലേക്ക് പോവുകയാണെന്ന് ഉമ്മയെ വിളിച്ച് അറിയിച്ചു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

പതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഉമ്മയെ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചു്. പിന്നീട് താന്‍ സിറിയയിലെത്തിയെന്നും ഐഎസ്സില്‍ ചേര്‍ന്നുവെന്നും അറിയിച്ചു. പിന്നീട് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു ലണ്ടനില്‍ ഒരു ഐ.എസ്. പ്രവര്‍ത്തകന്‍ പിടിയിലായപ്പോഴാണ് അബു ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഐഎസ്. പ്രവര്‍ത്തകരെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.

താനടക്കം മൂന്നു പേര്‍ ഇന്ത്യയുടെ ജിഹാദി പ്രതീകങ്ങളാണെന്ന് അബു ഫേസ്ബുക് പോസ്റ്റില്‍അവകാശപ്പെട്ടിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതോടെ അബു താഹിര്‍ ഫേയ്‌സ്ബുക്ക് അക്കൗണ്ട് പിന്‍വലിക്കുകയും ചെയ്തു.

നേരത്തെ ഐഎസില്‍ ചേര്‍ന്ന യാക്കര സ്വദേശി ബെസ്റ്റിന്‍ എന്ന യഹിയ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ മരണവിവരം എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *