ഉത്തരകൊറിയയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ.

സീയോള്‍: ഉത്തരകൊറിയയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കിം ജോങ് യുന്നിനെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള മാര്‍ഗങ്ങള്‍ ട്രംപ് ഭരണകൂടം കണ്ടെത്തണമെന്ന സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വിദേശകാര്യ വക്താവ് ഇക്കാര്യം പറഞ്ഞത്.

ഉത്തരകൊറിയയുടെ പരമാധികാരത്തെ നേരിട്ടോ അല്ലാതെയോ ചോദ്യം ചെയ്യുന്ന ആര്‍ക്കെതിരെയും ആണവായുധമടക്കമുള്ള സകല ശക്തിയും പ്രയോഗിക്കും. ഉത്തരകൊറിയന്‍ ഭരണാധാകാരിക്കെതിരെനീങ്ങാനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമം അമേരിക്കന്‍ ഭാഗത്തുനിന്നുണ്ടായെങ്കില്‍ യാതൊരു ദയയുമില്ലാതെ അമേരിക്കയുടെ ഹൃദയഭാഗത്ത് തന്നെ ആണവായുധം പ്രയോഗിക്കും. വിദേശകാര്യ വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ മാസമാദ്യമാണ് അമേരിക്കയിലെ അലാസ്‌ക്കയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ശേഷിയുള്ളതാണ് ഈ മിസൈല്‍.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *