പൂസ്സായപ്പോള്‍ ആനവണ്ടി ഓടിക്കാൻ പൂതി; കൊല്ലത്ത് യുവാവിന്‍റെ സാഹസികത

കൊല്ലം: കള്ള് തലയ്ക്ക് പിടിച്ചാൽ എന്ത് ചെയ്യും. പലർക്കും പലതാണ് തോന്നുന്നത്. കൊല്ലത്ത് മദ്യലഹരിയിലായിരുന്ന യുവാവിന് കഴിഞ്ഞ രാത്രി പുതി തോന്നിയത് ആനവണ്ടി ഓടിക്കാനാണ്. ദോഷം പറയരുതല്ലോ യുവാവ് തന്‍റെ ആഗ്രഹം സഫലമാക്കി.

കൊല്ലം നഗരത്തിൽ കഴിഞ്ഞ രാത്രി പന്ത്രണ്ടോടെയാണ് കഥ തുടങ്ങിയത്. ആറ്റിങ്ങൾ സ്വദേശിയായ അലോഷി (25) ആണ് കഥയിലെ നായകൻ. അലോഷി വയറുനിറച്ച് മദ്യവും തലനിറച്ച് ലഹരിയുമായി വരുന്പോഴാണ് കെഎസ്ആർടിസി കാണുന്നത്. പിന്നീട് ഒന്നും ആലോചിച്ചില്ല. ഓട്ടോറിക്ഷ ഓടിച്ച പരിചയം വച്ച് ബസ് സ്റ്റാർട്ടാക്കി. അരക്കിലോമീറ്ററോളം വണ്ടി ഓടി. ആരുടെയൊക്കയോ ഭാഗ്യംകൊണ്ട് ബസ് ചിന്നക്കട റൗണ്ടിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുനിന്നു.

ഇനി യുവാവ് എങ്ങനെ ആഗ്രഹം സഫലീകരിച്ചുവെന്ന് പറയാം. പകൽ ഓട്ടം കഴിഞ്ഞ കൊല്ലം ഡിപ്പോയിലെ ബസ് മെക്കാനിക്കൽ വിഭാഗത്തിന്‍റെ പരിശോധനയ്ക്കായി ലിങ്ക് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന നടത്തേണ്ടതുകൊണ്ട് ഡ്രൈവർ താക്കോലും ബസിൽ തന്നെയിട്ടിരുന്നു. അപ്പോഴാണ് “സാഹസികനായ’ യുവാവ് ആനവണ്ടിയോടിക്കാൻ ചെറിയ ശ്രമം നടത്തിയത്.

ബസ് പോസ്റ്റിലിടിച്ചതോടെ ബോധം വീണ് കിട്ടിയ സാഹസികൻ ഇറങ്ങിയോടി. പക്ഷേ, കാലിലെ ഷൂ സാഹസികന് വില്ലനായി. ഒരു കാലിലെ ഷൂ ബസിനുള്ളിലായിരുന്നു. ഇത് തിരിച്ചെടുക്കാൻ വന്ന സാഹസികനെ പോലീസ് പൊക്കി. പോസ്റ്റിലിടിച്ച് നല്ലപോലെ ഷെയ്പ്പ് മാറിയ ബസ് കെഎസ്ആർടിസിക്കാർ പിന്നീട് ഡിപ്പോയിലേക്ക് മാറ്റി. ഇടഞ്ഞ ആനയുടെ കുത്തേറ്റ് പോസ്റ്റും മറിഞ്ഞതോടെ കെഎസ്ഇബിക്കാർക്കും ജോലിയായി.

സാഹസികനായ അലോഷി ഒരു പ്രവാസി ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്തായാലും ഇയാൾക്ക് ഓട്ടോ ഓടിക്കാനുള്ള ലൈസൻസ് മാത്രമേയുള്ളൂ. പോലീസ് കാര്യങ്ങളെല്ലാം സാഹസികനോട് ചോദിച്ചറിയുകയാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *