കൊച്ചി: മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനും സീനിയർ ടീമിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റുമായിരുന്ന റെനി മ്യൂളൻസ്റ്റീൻ (53) ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കരാറൊപ്പിട്ടു. ടൂർണമെന്റിന്റെ സംഘാടകർക്കു പരിശീലകരുടെ പേരുകൾ സമർപ്പിക്കാനുള്ള കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ വെള്ളിയാഴ്ച രാത്രി വൈകി ലണ്ടനിലാണു കരാറൊപ്പിട്ടത്. ഇസ്രയേലി പ്രീമിയർ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് മ്യൂളൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റത്. സ്റ്റീവ് കോപ്പലിന്റെ പിൻഗാമിയായെത്തുന്ന മ്യൂളൻസ്റ്റീന് മൂന്നരക്കോടിയോളം രൂപയാണു പ്രതിഫലം.
ഡച്ചുകാരനായ മ്യൂളൻസ്റ്റീൻ 1990ലാണ് പരിശീലക വേഷമണിയുന്നത്. 2001ൽ മാഞ്ചസ്റ്റർ യൂത്ത് ടീമിന്റെ ചുമതലയേറ്റു. 2007ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിന്റെ ടെക്നിക്കൽ സ്കിൽ ഡവലപ്മെന്റെ കോച്ചായി എത്തിയ അദ്ദേഹം ആറ് വർഷത്തോളം ഫെർഗൂസന്റെ വലംകൈയായിരുന്നു. യുവേഫ ചാംപ്യൻസ് ലീഗ് കിരീടം(2007–08), ഫിഫ ക്ലബ് ലോകകപ്പ് (2008), മൂന്നു തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനിയായിരുന്നു മ്യൂളൻസ്റ്റീൻ.
2013ൽഡേവിഡ് മോയെസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനപരിശീലകനായി എത്തിയതോടെ മ്യൂളൻസ്റ്റീൻ ഇംഗ്ലണ്ട് വിട്ടു. പിന്നീട് പക്ഷേ, നാലു മാസത്തിനകം ഫുൾഹാം ക്ലബിന്റെ കോച്ചായി അദ്ദേഹം തിരിച്ചെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി, മൈക്കൽ ഓവൻ, കാർലോസ് ടെവസ്, റയാൻ ജിഗ്സ്, ലൂയി സാഹ, റിയോ ഫെർഡിനൻഡ്, ഗാരി നെവിൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ പരിശീലിപ്പിച്ചതിന്റെ പരിചയസന്പത്തുമായി കൊച്ചിയിൽ എത്തുന്ന മ്യൂളൻസ്റ്റീന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ടീം അധികൃതർ.