മഴയ്ക്കും തടയാനായില്ല; എലിമിനേറ്റർ പോരാട്ടത്തിൽ കോൽക്കത്തയ്ക്കു വിജയം

 

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്വാളിഫയർ രണ്ടിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ഹൈദരാബാദിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. ഏഴു വിക്കറ്റിനാണ് കോൽക്കത്തയുടെ വിജയം. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കോൽക്കത്ത നേരിടും. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സ് എടുത്തു.

ആദ്യ ഇന്നിംഗ്സിന് ശേഷമെത്തിയ മഴ മൂലം കൊൽക്കത്തയുടെ ബാറ്റിംഗ് വൈകിപ്പിച്ചു. മഴ അധികനേരം തുടർന്നതിനാൽ മത്സരം ആറോവറിലേക്കു വെട്ടിച്ചുരുക്കി വിജയലക്ഷ്യം 48 ആയി പുനർനിർണയിച്ചു. എന്നാൽ ഈ സ്കോർ കോൽക്കത്ത അനായാസം പിൻതുടരുകയായിരുന്നു. 5.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ കോൽക്കത്ത ലക്ഷ്യം കണ്ടു. 19 പന്തിൽ 32 റണ്‍സെടുത്ത ഗൗതം ഗംഭീറിന്‍റെ ബാറ്റിംഗാണ് കോൽക്കത്തയെ വിജയത്തിലേക്കു നയിച്ചത്.

നേരത്തേ,ടോസ് നേടിയ കോൽക്കത്ത നായകൻ ഗൗതം ഗംഭീർ ഹൈദരാബാദിനെ ബാറ്റിംഗിനു വിടുകയായിരുന്നു. 37 റണ്‍സെടുത്ത ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറാണ് ടോപ് സ്കോറർ. കോൽക്കത്തയുടെ പേസർമാരായ ഉമേഷ് യാദവിന്‍റെയും നഥാൻ കോൾട്ടർ നെയ്‌ലിന്‍റെയും പ്രകടനമാണ് ഹൈദരാബാദിനെ ചെറിയ സ്കോറിലൊതുക്കിയത്. നഥാൻ കോൾട്ടർ നെയ്ൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഉമേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ ഹൈദരാബാദ് ടൂർണമെന്‍റിൽനിന്നു പുറത്തായി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *