ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സിക്കെതിരെ സംഘ്പരിവാര്‍ രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സിക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. സ്‌പോണ്‍സര്‍മാരായ ഓപ്പോ മൊബൈല്‍ ഫോണിന്റെ പരസ്യം പതിച്ച പുതിയ ജേഴ്‌സിക്കെതിരെയാണ് സംഘ്പരിവാര്‍ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തിയത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍മാരായതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്.

ചൈനീസ് കമ്പനികള്‍ ടീം ഇന്ത്യയെ വിറ്റ് ലാഭം കൊയ്യേണ്ടെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നിലപാട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കെതിരെയും ചൈനീസ് ഉത്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെയും വരും ദിവസങ്ങളില്‍ പ്രചരണം നടത്തുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അറിയിച്ചു. കരാറില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന്‍, കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് അയച്ചു. രാജ്യത്തിന്റെ അഭിമാനത്തിനും പൗരന്‍മാരുടെ ക്ഷേമത്തിനും തദ്ദേശ വ്യവസായത്തിന്റെ വളര്‍ച്ചക്കും മുകളിലാകരുത് പണമെന്ന് കത്തില്‍ പറയുന്നു.

ഒപ്പോയുടെ ലോഗോ പതിച്ച ജേഴ്‌സി ഇന്ത്യന്‍ ടീം അംഗങ്ങള്‍ അണിയരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള കായികയിനമാണ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് വന്‍പരിവേഷമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ഒപ്പോയെ ടീം അംഗങ്ങള്‍ ചുമന്നാല്‍ അത് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കും. ഇത് തദ്ദേശ വ്യവസായത്തിന് തിരിച്ചടി നല്‍കി ചൈനീസ് ഉത്പന്നങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കും. ഇത് സംഭവിക്കരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *