ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ ഓർമയായി.

ഡബ്ലിൻ: ഐറീഷ് മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ (സണ്ണി എബ്രഹാം, 59) ഓർമയായി. പ്രിയ മാതാവ് അന്നമ്മയുടെ മരണവാർത്ത അറിഞ്ഞ കോട്ടയത്തേക്കു പോയ സണ്ണിച്ചേട്ടൻ രണ്ടാഴ്ച മുൻപ് സ്വകാര്യ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് ആരോഗ്യനില പെട്ടെന്ന് വഷളാവുകയും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമായിരുന്നു.

വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മരണം. സംഭവിച്ചത്. ഗൾഫിലും പിന്നീട് അയർലണ്ടിലുമെത്തി സണ്ണിച്ചേട്ടൻ വിപുലമായ സുഹൃദ് ബന്ധത്തിന്‍റെ ഉടമയായിരുന്നു. അയർലണ്ടിൽ ഒന്നര പതിറ്റാണ്ടായി മലയാളി സമൂഹത്തിന്‍റെ സന്തോഷത്തിലും ദുഖത്തിലും അദ്ദേഹം സഹോദരവികാരത്തോടെ പങ്കുചേർന്നു. വേൾഡ് മലയാളി കൗണ്‍സിൽ, ഐറീഷ് ക്നാനായ അസോസിയേഷൻ, പ്രവാസി കേരള കോണ്‍ഗ്രസ് തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ ഇദ്ദേഹമുണ്ടായിരുന്നു. മലയാളത്തിന്‍റെ സാസ്കാരിക തനിമ ഉൾക്കൊണ്ട് ഐറീഷ് മലയാളി കൂട്ടായ്മയുടെ എല്ലാ ആഘോഷങ്ങളിലും ഉല്ലാസങ്ങളും സജീവസാന്നിധ്യമായിരുന്ന സണ്ണിച്ചേട്ടൻ ഈ തിരുവോണ വേളയിൽ ഏവരോടുമായി യാത്രപറഞ്ഞു. ഡബ്ലിനിൽ എത്തിയശേഷം മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു പേരെ ഡ്രൈവിംഗ് പരിശീലിപ്പിച്ചിട്ടുണ്ട്. മലയാളി കുടുംബങ്ങളിലെ ഏതു ചടങ്ങിലും സണ്ണിച്ചേട്ടൻ മുതിർന്ന സഹോദരന്‍റെ സാന്നിധ്യവും ഉത്തരവാദിത്വവും ഉൾക്കൊണ്ടു പങ്കുചേർന്നു. നടനും പാട്ടുകാരനുമൊക്കെയായി മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ ഒരേ വികാരത്തോടെ ഉൾച്ചേരാനുള്ള വലിയ മനസിന്‍റെ ഉടമയായിരുന്നു ഇദ്ദേഹം. ആ ചിരിയും തമാശയും പാട്ടുകളും ഇനിയുണ്ടാവില്ല.

ഐറീഷ് മലയാളികളുടെ വ്യക്തിപരമായ എല്ലാ ആവശ്യങ്ങൾക്കും മലയാളി കൂട്ടായ്മയെ ഒരുമിച്ചുകൂട്ടാനുള്ള വിശാലമായ ബന്ധവും അടുപ്പവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്തിന്‍റെ ഏതു കോണിലും സണ്ണിച്ചേട്ടന് അടുപ്പക്കാരും സുഹൃത്തുക്കളുമുണ്ടാവും എന്നത് പലയിടങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. കോട്ടയം എസ്എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം. അയർലണ്ടിൽ നിന്നും റോയി പേരയിൽ, ബിജു ഇടക്കുന്നത്ത്, ബിജു മാടവക, ബീന ജയൻ, ജസ്റ്റിൻ തുടങ്ങിയ മലയാളികൾ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് അന്തിമോപചാരമർപ്പിക്കും.

റിപ്പോർട്ട്: രാജു കുന്നക്കാട്ട്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *