നിർഭാഗ്യം വേട്ടയാടിയ രാധാമണി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടം മൂലം രോഗിയായപ്പോൾ സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ച മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം മൂക്കന്നൂർ സ്വദേശിനിയായ പുതിയേടത്ത് കൊച്ചുദേവൻ രാധാമണിയ്ക്കാണ് വിധിയുടെ ക്രൂരത മൂലം പ്രവാസം അവസാനിപ്പിയ്ക്കേണ്ടി വന്നത്. ഒൻപതു മാസങ്ങൾക്ക് മുൻപാണ് രാധാമണി, വീട്ടുജോലിക്കാരിയായി ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ എത്തിയത്. നാട്ടിലെ പാവപ്പെട്ട കുടുംബത്തിന്റെ ദയനീയമായ സാമ്പത്തിക അവസ്ഥയോർത്താണ് രാധാമണി പ്രവാസിയായത്. ജോലി ചെയ്ത വീട്ടിലെ നല്ല പെരുമാറ്റവും, മോശമല്ലാത്ത ജോലിസാഹചര്യങ്ങളും, കൃത്യമായി ശമ്പളം തരുന്ന വീട്ടുകാരും കാരണം തന്റെ ജീവിതം മെച്ചപ്പെടും എന്ന പ്രതീക്ഷ രാധാമണിയിൽ വളർന്നു.

എന്നാൽ വിധി ഒരു അപകടത്തിന്റെ രൂപത്തിൽ രാധാമണിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് പെട്ടെന്നായിരുന്നു. ഒരു ദിവസം ജോലിക്കിടയിൽ കാൽ തെറ്റി വീണ് തല അലമാരിയിൽ പോയിടിച്ചു രാധാമണിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും, അവർ ബോധഹരഹിതയാവുകയും ചെയ്തു. ആ വീട്ടുകാർ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചു. രണ്ടു മാസത്തെ ചികിത്സയിൽ പരിക്ക് മാറിയെങ്കിലും, തലയ്ക്ക് അനുഭവപ്പെട്ട മന്ദത കാരണം, ശാരീരികഅദ്ധ്വാനം ചെയ്യാനുള്ള ആരോഗ്യം അവർക്ക് നഷ്ടമായിരുന്നു. തുടർന്ന് സ്പോൺസർ അവരെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, രാധാമണിയുടെ അവസ്ഥ മനസ്സിലാക്കി, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കാൻ തയ്യാറായി. മഞ്ജു മണിക്കുട്ടൻ, രാധാമണിയുടെ സ്പോൺസറുമായി സംസാരിച്ചെങ്കിലും, യാതൊരു സഹായവും താൻ നൽകാൻ പോകുന്നില്ലെന്നും, രാധാമണി സ്വന്തം ചിലവിൽ നാട്ടിലേയ്ക്ക് പോകട്ടെയെന്നുമായിരുന്നു സ്‌പോൺസറുടെ മറുപടി.

തുടർന്ന് മഞ്ജു വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ രാധാമണിയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി. മഞ്ജുവിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ നവയുഗം കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റി, രാധാമണിയ്ക്കുള്ള വിമാനടിക്കറ്റ് സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ചു. കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റിയംഗം ഷിജോയ് ദേവസ്യ രാധാമണിയ്ക്ക് വിമാനടിക്കറ്റ് നൽകി.

മഞ്ജുവിനും നവയുഗത്തിനും നന്ദി പറഞ്ഞ്, രണ്ടുമാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, രാധാമണി കൊച്ചിയിലേയ്ക്ക് പറന്നു.
വെറും കൈയ്യോടെ മടങ്ങിയ രാധാമണിയുടെ മുന്നിൽ, പാവപ്പെട്ട കുടുംബത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നമായി അവശേഷിയ്ക്കുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *