സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

 

 

ദമ്മാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാൽ  പിണങ്ങി ജോലി ഉപേക്ഷിച്ചതിന്, സ്പോൺസർ മോഷണക്കുറ്റം ചുമത്തി  കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗം സാംസ്കാരിവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

 

കൊല്ലം ചവറ സ്വദേശിയായ അബ്ദുൾ കലാമാണ് സ്പോൺസർ സൃഷ്‌ടിച്ച നിയമകുരുക്കുകൾ മറികടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. 19 വർഷമായി പ്രവാസിയായ അബ്ദുൾ കലാം, നാലു വർഷം മുൻപ്, അന്നത്തെ സ്പോൺസർ ഹുറൂബിലാക്കിയതിനെത്തുടർന്ന്, അക്കാലത്ത് പ്രഖ്യാപിയ്ക്കപ്പെട്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തി, മറ്റൊരു സൗദി പൗരന്റെ സ്പോണ്സർഷിപ്പിൽ മാറുന്നതിനായി രേഖകൾ കൈമാറി. പ്രശ്നങ്ങളുടെ തുടക്കം അതായിരുന്നു.

 

രണ്ടു ചെറിയ കടകളിലായി അബ്ദുൾ കലാം അടക്കം നാല് മലയാളികളാണ് പുതിയ സ്പോൺസറിന്റെ കീഴിൽ ഉണ്ടായിരുന്നത്. എന്നാൽ നാല് വർഷമായിട്ടും പുതിയ സ്പോൺസർ ആർക്കും ഇക്കാമ എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല, കഴിഞ്ഞ 16 മാസമായി ശമ്പളവും നൽകിയില്ല. പരാതി പറയുമ്പോഴെല്ലാം “ഉടനെ ശരിയാക്കാം” എന്ന വാഗ്ദാനം മാത്രമായിരുന്നു സ്പോൺസർ നൽകിയത്. നാല് വർഷമായി നാട്ടിൽ പോകാൻ പോലും കഴിയാതെ നാലുപേരും വിഷമത്തിലായി.

 

ഒടുവിൽ ക്ഷമ നശിച്ചപ്പോൾ, അബ്ദുൾ കലാമിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരും, പൊതുമാപ്പ് ആനുകൂല്യത്തെ പ്രയോജനപ്പെടുത്തി,  ഇന്ത്യൻ എംബസ്സിയുടെ ഔട്പാസ്സ് വാങ്ങി, തർഹീലിൽ നിന്നും എക്സിറ്റ് അടിച്ചുവാങ്ങി നാട്ടിലേയ്ക്ക് തിരികെ പോയി.

 

അബ്ദുൾ കലാം നവയുഗം സാംസ്കാരികവേദി തുഗ്‌ബ യൂണിറ്റ് ഭാരവാഹികളായ റഹിം ചവറ, നിസാർ എന്നിവർ വഴി,  നവയുഗം  ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഷാജി മതിലകം നിർദ്ദേശിച്ചതനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവർത്തകനായ ഷിബു കുമാർ, അബ്ദുൾ കലാമിന് നാട്ടിലേയ്ക്ക് മടങ്ങാൻ എംബസ്സിയുടെ ഔട്പാസ്സ് വാങ്ങി നൽകി.

 

ഇതറിഞ്ഞ സ്പോൺസർ, നാല് മലയാളികളും കൂടി തന്റെ കടയിൽ നിന്നും  നാല് ലക്ഷത്തിൽ അധികം തുക തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകുകയും, കേസിൽ അബ്ദുൾ കലാമിനെ മുഖ്യപ്രതിയാക്കുകയും ചെയ്തു. അതോടെ അബ്ദുൾ കലാമിന് തർഹീൽ വഴി ഫൈനൽ എക്സിറ്റ് അടിയ്ക്കാൻ കഴിയാതെ വന്നു.

 

തുടർന്ന് ഷാജി മതിലകം, ഷിബു കുമാർ എന്നിവർ അബ്ദുൾ കലാമിനെ കൂട്ടികൊണ്ട് കോബാർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും, ദിവസങ്ങളോളം നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ സ്‌പോൺസറുടെ പരാതി കളവാണെന്ന് പോലീസ് മേലധികാരികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. അബ്ദുൾ കലാം ജോലി ചെയ്തിരുന്ന കടയുടെ ബില്ലുകളും രേഖകളും നേരിട്ട് പരിശോധിച്ച പോലീസ് അധികാരികൾ, കണക്കുകൾ നിരത്തി ചോദിച്ച ചോദ്യങ്ങൾക്ക് സ്പോൺസർക്ക്  മറുപടി ഉണ്ടായിരുന്നില്ല. തുടർന്ന് പോലീസ് അധികാരികൾ കേസ് തള്ളുകയായിരുന്നു.

 

തുടർന്ന് ദമ്മാം തർഹീലിൽ അബ്ദുൾ കലാമിനെ കൊണ്ട് പോയ ഷിബു കുമാർ, സാമൂഹ്യപ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ  ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകി.

 

എല്ലാവർക്കും നന്ദി പറഞ്ഞ് മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾ അവസാനിപ്പിച്ച് അബ്ദുൾ കലാം നാട്ടിലേയ്ക്ക് മടങ്ങി.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *