അനാവശ്യവിവാദങ്ങൾ സൃഷ്ടിച്ച് വലതുപക്ഷമാധ്യമങ്ങൾ ഇടതുമന്ത്രിസഭയുടെ നേട്ടങ്ങൾ തമസ്കരിയ്ക്കാൻ ശ്രമിയ്ക്കുന്നു: നവയുഗം

അൽഹസ്സ: അനാവശ്യവിവാദങ്ങൾ സൃഷ്ടിച്ചും,  ഇടതുപക്ഷസർക്കാർ കേരളജനതയ്ക്ക് നൽകിയ ഭരണനേട്ടങ്ങളെ സമർത്ഥമായി തമസ്ക്കരിച്ചും,  സ്വന്തം രാഷ്ട്രീയ യജമാനന്മാർക്കായി വലതുപക്ഷമാധ്യമങ്ങൾ നടത്തുന്ന ഗൂഢനീക്കങ്ങളെക്കുറിച്ച്, ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമങ്ങളാണ്  ഇടതുപക്ഷനേതാക്കളും, പ്രവർത്തകരും അടിയന്തരമായി നടത്തേണ്ടതെന്ന് നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖലയിലെ ശോബാ യൂണിറ്റ് സമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 
ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സർക്കാർ എന്ന പദവി നേടിയ ഇടതുമുന്നണി സർക്കാർ, ഭരണനിർവ്വഹണത്തിലും ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന 64 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും, പൊതുവിപണിയിൽ ശക്തമായി ഇടപെടാനും, കൂടുതൽ തരിശുപാടങ്ങളിൽ ജൈവകൃഷി നടപ്പിലാക്കി കാർഷികമേഖലയിൽ പുതിയ ഉണർവ്വ് നൽകാനും, സാമ്പത്തികമേഖലയിൽ ആസൂത്രിത അച്ചടക്കം നടപ്പാക്കാനും, ഭൂരഹിതർക്ക്‌ പട്ടയവിതരണം പുനരാരംഭിയ്ക്കാനും, ഇന്റർനെറ്റ് സാർവത്രികമാക്കാനും, ആയിരക്കണക്കിന് സ്റ്റാർട്ട്അപ്പുകൾ തുടങ്ങാനും  ഒക്കെ കഴിഞ്ഞ സർക്കാർ, കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് ജോലി നൽകിയത് അടക്കമുള്ള ധീരമായ നീക്കങ്ങൾ  അന്താരാഷ്ട്രമാദ്ധ്യമങ്ങളിൽ പോലും ചർച്ചയായിരിയ്ക്കുകയാണ്. എന്നാൽ ഇത്തരം നേട്ടങ്ങളെ മുഴുവൻ തമസ്കരിച്ച്  വൃദ്ധനായ മന്ത്രിയെ യുവതിയായ റിപ്പോർട്ടറെ ഉപയോഗിച്ച് ഹണിട്രാപ്പിൽ കുടുക്കിയും, മന്ത്രി എം.എം മണിയുടെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ദൃശ്യം നൽകിയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി, രാഷ്ട്രീയലാഭത്തിനായി പൊതുജനശ്രദ്ധ വഴി തെറ്റിയ്ക്കാനാണ് വലതുപക്ഷമാധ്യമങ്ങൾ ശ്രമിയ്ക്കുന്നത്. ഇത് നല്ല പ്രവണതയല്ല. ഇതിനെതിരെ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താൻ ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിയ്ക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
 
അൽ ഹയാലാ ആഡിറ്റോറിയത്തിൽ ഷഫീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  ശോബാ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഉണ്ണി ഓച്ചിറ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി കുടുംബവേദി കൺവീനർ  ദാസൻ രാഘവൻ നോർക്ക വിശദീകരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഹുസ്സൈൻ കുന്നിക്കോട്, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, രാജീവ് ചവറ, ഷമീൽ നെല്ലിക്കോട്, സുശീൽ കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ഷമീർ ഖാൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.  വിവിധ നറുക്കെടുപ്പുകളിൽ വിജയികളായ ഷാൻ, സിയാദ്  എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 
 
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത സമ്മേളനം, യൂണിറ്റ് രക്ഷാധികാരിയായി ഉണ്ണി മാധവം ഓച്ചിറയെയും, പ്രസിഡന്റായി ഷമീർഖാനെയും, വൈസ് പ്രസിഡന്റായി ഷഫീഖിനെയും, സെക്രട്ടറിയായി അഖിലിനെയും, ജോയിന്റ് സെക്രട്ടറിയായി മുഹമ്മദാലിയെയും, ഖജാൻജിയായി  മുരളിയേയും സമ്മേളനം തെരെഞ്ഞടുത്തു. പതിനെട്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞെടുത്തു. 
 

 

രക്ഷാധികാരി –  ഉണ്ണി മാധവം 
പ്രസിഡന്റ്  – ഷമീർ ഖാൻ 
സെക്രട്ടറി  – അഖിൽ 
ട്രെഷറർ – മുരളി 
Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *