രാജ്യസ്നേഹം തെളിയിയ്ക്കാൻ ജനങ്ങൾ സംഘപരിവാർ അംഗത്വം എടുക്കേണ്ട ഗതികേടിലേയ്ക്ക് മോഡിസർക്കാർ ഇന്ത്യയെ തരം താഴ്ത്തുന്നു : നവയുഗം.

ദമ്മാം: സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി അക്രമോത്സുകമായ കപടദേശീയതയിൽ അധിഷ്ഠിതമായ പ്രചാരണങ്ങൾ വഴിയും, പശുവിന്റെ പേരിൽ വർഗീയത വളർത്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ പതിനെട്ടാം നൂറ്റാണ്ടിലേയ്ക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് നരേന്ദ്രമോദി സർക്കാർ നടത്തുന്നതെന്ന് നവയുഗം സാംസ്കാരികവേദി കൊദറിയ സനയ്യ യൂണിറ്റ് കൺവെൻഷൻ രാഷ്ട്രീയപ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

ഈ രാജ്യത്ത് ജനിച്ചു വളർന്ന പൗരന്മാർക്ക്, സ്വന്തം രാജ്യസ്നേഹം തെളിയിയ്ക്കാൻ, സംഘപരിവാർ സംഘടനകളിൽ നിർബന്ധിത അംഗത്വം എടുക്കേണ്ട ഗതികേടിലേക്കാണ് രാജ്യം നീങ്ങുന്നത്. ‘ആടിനെ പട്ടിയാക്കുന്ന’ തസ്‌കരതന്ത്രങ്ങളെപ്പോലെ, തങ്ങളുടെ ആശയങ്ങളെയും രാഷ്ട്രീയ താത്‌പര്യങ്ങളെയും എതിർക്കുന്നവരെ ‘രാജ്യദ്രോഹികളായും, പാകിസ്ഥാൻ ചാരന്മാരായും’ മുദ്രകുത്തി അടിച്ചമർത്താനാണ് സംഘപരിവാർ ശ്രമിയ്ക്കുന്നത്. ഇതിനെതിരെ എല്ലാ പ്രതിപക്ഷപാർട്ടികളും, ജനാധിപത്യവിശ്വാസികളും ഒന്നിച്ചു പൊരുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നതായി പ്രമേയം ഓർമ്മിപ്പിച്ചു.

ദമ്മാം താജ് ആഡിറ്റോറിയത്തിൽ കൊദറിയ ജീവകാരുണ്യവിഭാഗം കൺവീനർ അഷറഫ് തലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ, നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുൺ നൂറനാട് ഉത്‌ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം എന്നിവർ സംസാരിച്ചു. നിസാമുദ്ദീൻ വെഞ്ഞാറന്മൂട് സ്വാഗതവും, വിജേഷ് കണ്ണൂർ നന്ദിയും പറഞ്ഞു.

കൊദറിയ സനയ്യ യൂണിറ്റിന് പുതിയ നേതൃത്വത്തെയും കൺവെൻഷൻ തെരെഞ്ഞെടുത്തു. യൂണിറ്റ് രക്ഷാധികാരിയായി നിഷാദിനെയും, യൂണിറ്റ് പ്രസിഡന്റായി നിസാമുദ്ദീൻ വെഞ്ഞാറന്മൂടിനെയും, വൈസ് പ്രസിഡന്റുമാരായി ഫസൽ, ബഷറള്ള എന്നിവരെയും, സെക്രട്ടറിയായി റിജേഷ് കണ്ണൂരിനെയും, ജോയിന്റ് സെക്രട്ടറിമാരായി വിജേഷ്, സലിം എന്നിവരെയും ട്രെഷററായി ആസിമിനെയും, സന്തോഷ്, റഷീദ്, കലാം, നവാസ്, സന്തോഷ് ആർ.സി, ഷംനാദ്, റഹീം, സന്തോഷ്.കെ.പി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കൺവെൻഷൻ തെരെഞ്ഞെടുത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *