തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ വന്ദേമാതരം നിര്‍ബന്ധമാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ വന്ദേമാതരം നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കാനാണ് ഉത്തരവ്. തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ഇതിനായി തെരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും മാസത്തില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേശീയ ഗീതം ആലപിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ നിര്‍ബന്ധപൂര്‍വം ചെയ്യിക്കില്ല. യുവജനങ്ങളാണ് രാജ്യത്തിന്റെ ഭാവിയെന്നും കോടതി പറഞ്ഞു.

സംസ്‌കൃതം ആലപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടി വന്ദേമാതരത്തിന്റെ തമിഴ്, ഇംഗ്ലീഷ് പരിഭാഷ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും അപ്ലോഡ് ചെയ്യാന്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.

വീരമണി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്റ്റേറ്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണെന്ന ചോദ്യത്തിന് ബംഗാളിയിലാണെന്ന ഉത്തരമാണ് താന്‍ നല്‍കിയതെന്നും എന്നാല്‍ ഉത്തരസൂചികയില്‍ സംസ്‌കൃതം എന്ന ഓപ്ഷനായിരുന്നു ഉണ്ടായിരുന്നതെന്നും ഇദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വന്ദേമാതരം എഴുതിയത് സംസ്‌കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത്.

വന്ദേമാതരത്തിന്റെ യഥാര്‍ത്ഥ ഭാഷ സംസ്‌കൃതമാണെന്നും എന്നാല്‍ എഴുതിയത് ബംഗാളി ഭാഷിയിലാണെന്നുമായിരുന്നു ജൂണ്‍ 13 ന് അഡ്വ. ജനറല്‍ ആര്‍ മുത്തുകുമാരസ്വാമി മറുപടി നല്‍കിയത്. തുടര്‍ന്ന് വീരമണിക്ക് പരീക്ഷയില്‍ നഷ്ടപ്പെട്ട മാര്‍ക്ക് ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേമാതരം നിര്‍ബന്ധമായി പാടണമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *