മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 30 കുട്ടികള്‍ 48 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞു.

ലക്‌നൗ: മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 30 കുട്ടികള്‍ 48 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞു. ഐസിയുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കാരണമെന്നു സംശയം. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലാണ് ദുരന്തം.

ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന ആരോപണം ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താല നിഷേധിച്ചു. മസ്തിഷ്‌ക ജ്വരമാണ് മരണകാരണം, അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് 20 കുട്ടികള്‍ മരിച്ചത്. പത്തു കുട്ടികള്‍ ഇന്നലെയും. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് 66 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചെന്നാണ് ആക്ഷേപം.

മൂന്നു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിരുന്നു. എന്നാല്‍, പണം കുടിശികയുള്ള വിവരമോ ഒാക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് കമ്പനി മുന്നറിയപ്പ് നല്‍കിയതോ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചില്ല.

കുടിശിക നല്‍കാനുണ്ടെങ്കിലും വിതരണം നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. മസ്തിഷ്‌ക ജ്വരം ഇവിടെ പല തവണ ജീവനുകള്‍ എടുത്തിട്ടുണ്ട്. ഈ അസുഖം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതികള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ മേഖലയില്‍ പത്തു വര്‍ഷം കൊണ്ട് 40,000 കുട്ടികളാണ് ഈ രോഗം മൂലം മരിച്ചത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *