മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍.

ന്യൂദല്‍ഹി: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍.നാല് ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഇതിനായി ഭേദഗതിചെയ്ത് ഉത്തരവിറങ്ങി. വേഗപ്പൂട്ട് ഇല്ലാത്ത പഴയ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ റീ രജിസ്‌ട്രേഷനും ഉണ്ടാകില്ല.

ടാറ്റാ എയ്‌സ്, മഹീന്ദ്രാ ബൊലേറോ, ടാറ്റാ 207 ഉള്‍പ്പടെയുള്ള നാല് ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങളെ വേഗപ്പൂട്ടില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതാണ്. എന്നാല്‍ ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് ഘടിപ്പിക്കണം. ഇവയെ ഉള്‍പ്പെടുത്തുന്നതിന് പൊതുജനാഭിപ്രായം ക്ഷണിച്ച് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയിരുന്നു.

ഒരു കൊല്ലം ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാണ് അന്തിമ ഉത്തരവ് വന്നത്. പുതിയ ഉത്തരവ് മെയ് ഒന്നുമുതല്‍ പ്രാബല്യത്തിലായി. വേഗപ്പൂട്ട് ഇല്ലാത്ത പഴയ വാഹനങ്ങള്‍ ഇനിമുതല്‍ റീ രജിസ്‌ട്രേഷനും ചെയ്യാന്‍ കഴിയില്ല മാത്രമല്ല വേഗപ്പൂട്ട് നിര്‍ബന്ധമായിട്ടുള്ള വാഹനങ്ങളില്‍ വാഹനനിര്‍മാതാക്കള്‍ നിര്‍മാണവേളയില്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിക്കേണ്ടിവരും.

വേഗപ്പൂട്ട് ഘടിപ്പിക്കുന്നതില്‍ കൃതൃമം കാണിക്കാതിരിക്കാനാണ് ഈ നടപടി. എട്ട് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍, അഗ്‌നിരക്ഷാസേനയുടെയും പോലീസിന്റെയും വാഹനങ്ങള്‍ എന്നിവയാണ് ഇനിമുതല്‍ വേഗപ്പൂട്ട് വേണ്ടാത്തവയുടെ ഗണത്തില്‍പ്പെടുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *