മുത്തലാഖ് എന്ന ദുരാചാരത്തിന് സുപ്രീംകോടതി അന്ത്യം കുറിച്ചു.

 

ന്യൂദല്‍ഹി: ആയിരത്തിലേറെ വര്‍ഷമായി മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായിരുന്ന മുത്തലാഖ് എന്ന ദുരാചാരത്തിന് സുപ്രീംകോടതി അന്ത്യം കുറിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് കണ്ണീരും ദുരിതയും മാത്രം സമ്മാനിച്ച മുത്തലാഖ് രാജ്യത്തെ പരമോന്നത നീതിപീഠം നിരോധിച്ചു.

മൂന്നു തവണ തലാഖ് ചൊല്ലിയുള്ള മുസ്ലിം വിവാഹമോചന രീതി ഭരണഘടനയ്ക്കും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ട് പേര്‍ ഇതിനോട് വിയോജിച്ചു.

അനിയന്ത്രിതവും ഏകപക്ഷീയവുമായ വിവാഹമോചന രീതിയാണ് മുത്തലാഖെന്നും ഇത് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതായും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത് എന്നിവര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധവും ശരിയത്ത് നിയമം ലംഘിക്കുന്നതുമായ സമ്പ്രദായമാണിത്.

അതിനാല്‍, മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായി കരുതാനാകില്ല. മതപരമായി അധാര്‍മ്മികമായ മുത്തലാഖിന് നിയമപരമായ സാധുത അവകാശപ്പെടാനാകില്ല. ഇരുപതിലേറെ മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചു. പിന്നെന്തുകൊണ്ടാണ് മതേതര രാജ്യമായ ഇന്ത്യക്ക് സാധിക്കാത്തതെന്നും അവര്‍ ചോദിച്ചു.

അതേസമയം, മുത്തലാഖ് മുസ്ലിങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമെന്നും മൗലികാവകാശമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമായതിനാല്‍ മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള മൗലികാവകാശമാണ്. ഭരണഘടനാ വിരുദ്ധമായി കരുതാനാകില്ലെന്ന് വ്യക്തമാക്കിയ ഇരുവരും എന്നാല്‍, ആറ് മാസത്തേക്ക് മുത്തലാഖ് വിലക്കി.

മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പാകുന്നതു വരെ വിലക്ക് തുടരും. മുസ്ലിം സമുദായത്തിലെ ആശങ്കകളും അഭിപ്രായങ്ങളും വ്യക്തിനിയമവും പരിഗണിച്ചാകണം നിയമനിര്‍മ്മാണം. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ താത്പര്യം മാറ്റിനിര്‍ത്തി നിലപാടെടുക്കണം, ഇരുവരും വ്യക്തമാക്കി.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായമാണ് വിധിയായി കണക്കാക്കുക.
മുത്തലാഖിന് ഇരയായ മുസ്ലിം വനിതകളാണ് നിരോധനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കിയത്. മെയ് 11 മുതല്‍ തുടര്‍ച്ചയായി ആറ് ദിവസം വാദം കേട്ടു.

മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുടെയും നിലപാട്. എന്നാല്‍, ഇത് സ്ത്രീവിരുദ്ധമെന്നും അവസാനിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശത്തിനായി നിലകൊണ്ട കേന്ദ്ര സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ് സുപ്രീംകോടതി വിധി.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *