ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ അന്തിമ വിധി വരുന്നത് വരെ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ അന്തിമ വിധി വരുന്നത് വരെ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആധാര്‍ ഇല്ലാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാം. പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമല്ല. ആധാറില്ലെന്ന കാരണത്താല്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് തടയാനാവില്ല. എന്നാല്‍ നിലവില്‍ ആധാര്‍ എടുത്തവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം.

ആധാറുള്ളവര്‍ ജൂലായ് ഒന്നിനകം പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകും. എല്ലാവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കണോ എന്നതില്‍ ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കും. ആദായ നികുതി റിട്ടേണുകള്‍ക്കും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ആദായനികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കി ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ് ഭേദഗതി ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഭേദഗതി ശരിവച്ച കോടതി പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഭാഗിക ഇളവ് അനുവദിച്ചത്. സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആധാര്‍ എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആധാര്‍ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.

വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജ പാന്‍ കാര്‍ഡുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി വ്യാകമായി ദുരുപയോഗിക്കുന്നു. വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ഉപയോഗിച്ചതിലൂടെ അമ്പതിനായിരം കോടി രൂപയോളം സര്‍ക്കാര്‍ ലാഭിച്ചതായും ഇത് പാവപ്പെട്ടവരുടെ ക്ഷേമത്തിന് ചെലവഴിച്ചതായും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വ്യക്തമാക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *