ബീഹാറിനെ ഉലച്ച ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും.

പട്‌ന: ബീഹാറിനെ ഉലച്ച ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും. 800 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണം ഏറ്റെടുക്കുന്നതായി സിബിഐ അറിയിച്ചു.

ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച് 800 കോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് സര്‍ക്കാരിതര സംഘടനകളുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തുവെന്നാണ് ആരോപണം. സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഭഗല്‍പൂരില്‍ സ്ഥാപിച്ച സര്‍ക്കാരിതര സംഘടനയായ ശ്രീജന്‍ മഹിള വികാസ് സഹയോഗ് സമിതിയിലൂടെയാണ് ഫണ്ട് കൈമാറ്റം ചെയ്തിരുന്നത്. സമിതി സ്ഥാപക മനോരമ ദേവിയാണ് തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം.

പത്തു വര്‍ഷത്തിനിടെയാണ് ഇത്രയും രൂപ വെട്ടിച്ചത്. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് ആരോപണം. ബീഹാര്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് സിബിഐക്ക് കത്തയച്ചത്. 2003ല്‍ ആര്‍ജെഡി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ മുഖ്യമന്ത്രി റാബ്‌റി ദേവിയാണ് ശ്രീജന് ഫണ്ട് കൈമാറാന്‍ തീരുമാനമെടുത്തത്.

സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് തലേന്ന് കേസിലുള്‍പ്പെട്ട മൂന്നു പേര്‍ക്കെതിരെ ഭഗല്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മനോരമ ദേവിയുടെ മകന്‍ അമിത്, മരുമകള്‍ പ്രിയ കുമാര്‍, ഭഗല്‍പൂര്‍ പൊതുജന പരാതി പരിഹാര സെല്‍ ഉദ്യോഗസ്ഥന്‍ രാജീവ് രഞ്ജന്‍ സിങ് എന്നിവര്‍ക്കെതിരായാണ് അറസ്റ്റ് വാറന്റ്.
മതിയായ ഫണ്ട് ഇല്ലാത്തതിനാല്‍ ഭഗല്‍പൂര്‍ ബാങ്കിന് സര്‍ക്കാര്‍ നല്‍കിയ ചെക്ക് മടക്കിയപ്പോഴാണ് അഴിമതിയെക്കുറിച്ച് സൂചന ലഭിച്ചത്. ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ബീഹാര്‍ പോലീസ് അന്വേഷണം തുടങ്ങി.

ഫെബ്രുവരിയില്‍ മനോരമ ദേവി മരിച്ചതിന് ശേഷം ശ്രീജന്‍ സമിതിയുടെ ചുമതല അമിതിനും പ്രിയയ്ക്കുമായിരുന്നു. വിവിധ ക്രമക്കേടുകളിലൂടെ സര്‍ക്കാര്‍ ഫണ്ട് ‘ശ്രീജന്‍’ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നും ജില്ലാ മജിസ്ട്രേട്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും കൂട്ടുനിന്നെന്നുമാണു സൂചന. ഭഗല്‍പൂരില്‍ ക്ഷേമ വകുപ്പ് അക്കൗണ്ടന്റായ മഹേഷ് മണ്ഡലിന്റെ മരണത്തില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമുണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *