മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ കോണ്‍ഗ്രസ്.

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ കോണ്‍ഗ്രസ്. രാജ്യം അടക്കിവാണിരുന്ന കോണ്‍ഗ്രസ്സിനും അധികാരം ജന്മാവകാശമായി കരുതിയിരുന്ന ‘പ്രഥമ കുടുംബ’ത്തിനും ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണിപ്പോള്‍. പ്രധാനപ്പെട്ട ഭരണഘടനാ പദവിയില്‍ നിന്നൊക്കെ കോണ്‍ഗ്രസ് നിഷ്‌കാസിതരായിക്കഴിഞ്ഞു.

ആദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയെന്ന വിശേഷണത്തോടെയാണ് 2014ല്‍ ബിജെപിയും നരേന്ദ്ര മോദിയും ഭരണത്തിലെത്തിയത്. ഇതിനേക്കാള്‍ വലിയ തിരിച്ചടിയേറ്റിട്ടും ഇന്ദിര ഗാന്ധി തിരിച്ചു വന്നുവെന്ന ചരിത്രം ഉരുവിട്ടാണ് കോണ്‍ഗ്രസ് സ്വയം ആശ്വസിച്ചിരുന്നത്.

എന്നാല്‍ ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സാധിക്കാത്തത്രയും ആഴത്തിലാണ് രാഹുല്‍ കാലത്തെ കോണ്‍ഗ്രസ്സിന്റെ പതനം. 18 സംസ്ഥാനങ്ങളില്‍ ബിജെപിയോ സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. രാഷ്ട്രപതി സ്ഥാനവും കൈവിട്ടു.

രാജ്യസഭാ അംഗങ്ങളുടെ എണ്ണത്തില്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ്സിനെ ബിജെപി മറികടന്നു. രാജ്യസഭയില്‍ രണ്ടാമതാകുന്നതും കോണ്‍ഗ്രസിന്റെ ആദ്യ അനുഭവം. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ അഹമ്മദ് പട്ടേലിനെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി വിയര്‍ക്കുന്നു.

രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് ബിജെപിയിപ്പോള്‍. പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉടന്‍ രാജ്യസഭയിലെത്തും. കോണ്‍ഗ്രസ്സിന്റെ ശബ്ദം രാജ്യസഭയിലും ദുര്‍ബ്ബലമാവുമെന്നര്‍ത്ഥം.

ഇപ്പോഴത്തേത് താല്‍ക്കാലിക തിരിച്ചടിയല്ലെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. മുന്നില്‍ നിന്ന് നയിക്കാന്‍ നേതാക്കളില്ലാത്തതാണ് വലിയ പ്രശ്‌നം. അസുഖബാധിതയായതിനാല്‍ സോണിയ ഏതാണ്ട് വിശ്രമജീവിതത്തിലാണ്. പാര്‍ട് ടൈം രാഷ്ട്രീയക്കാരനായ രാഹുലില്‍ മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെ വിശ്വാസം നഷ്ടപ്പെട്ടു.

ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പുകളില്‍ മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതും ബിഹാറിലെ മഹാസഖ്യം തകര്‍ന്നതും രാഹുലിന്റെ കഴിവുകേടാണെന്ന് അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയില്‍ ധാരാളമുണ്ട്. പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ രാഹുല്‍ ഇറ്റലിയില്‍ ആഘോഷത്തിലായിരുന്നു.

നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ബിജെപിയിലേക്ക് ചേക്കേറുകയാണിപ്പോള്‍. ഉള്ളവരാകട്ടെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവവുമല്ല. അഭിഭാഷകവൃത്തിയും ബിസിനസുമൊക്കെയാണ് പല മുന്‍ കേന്ദ്ര മന്ത്രിമാരുടെയും ഇപ്പോഴത്തെ പ്രവര്‍ത്തന മേഖല. രാഹുലിന് പകരം പ്രിയങ്കയെ രംഗത്തിറക്കാനുള്ള സമ്മര്‍ദ്ദം ഒരുവിഭാഗം ശക്തമാക്കിയിട്ടുണ്ട്.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ വരവ് പ്രഖ്യാപിച്ചിരുന്നെങ്കിലും തോല്‍ക്കുമെന്ന് സൂചന ലഭിച്ചതോടെ പിന്‍വലിച്ചു. പ്രിയങ്കയെ ഇറക്കിയാല്‍ രാഹുലില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് എതിരാളികള്‍ ആരോപിക്കുമെന്നാണ് മറുവിഭാഗത്തിന്റെ വാദം.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *