ഇപിഎസും ഒപിഎസും ഒന്നായി: ശശികല പുറത്ത്


ചെന്നൈ: അണ്ണാ ഡിഎംകെയിലെ എടപ്പാടി കെ. പളനിസ്വാമി പക്ഷവും ഒ. പനീർശെൽവം പക്ഷവും ലയിച്ചു. ദീർഘനാളത്തെ ചർച്ചകൾക്കു ശേഷമാണ് ഇരു വിഭാഗങ്ങളും ഒന്നിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ തുടങ്ങിയതാണ് അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ തർക്കങ്ങളും വിഭാഗീയതയും.

എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. ഒ. പനീർശെൽവം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കും. അണ്ണാ ഡിഎംകെയെ നയിക്കാൻ പനീർശെൽവം അധ്യക്ഷനായ പുതിയ സമിതിയേയും നിയോഗിച്ചു. ഇരുപക്ഷത്തേയും നേതാക്കൾ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് ലയന പ്രഖ്യാപനം നടത്തിയത്. ആറ് മാസങ്ങൾക്കു ശേഷമാണ് ഇരു നേതാക്കളും ഒന്നിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.

ഒപിഎസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രി സ്ഥാനവും നൽകിയാണ് ഇപിഎസ് പക്ഷം ലയനത്തിന് ഒരുങ്ങിയത്. ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് പനീർശെൽവത്തിനു നൽകുന്നത്. പനീർശെൽവം ഇന്നു വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പനീർശെൽവം അറിയിച്ചു.

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു പനീർശെൽവത്തിന്‍റെ മുഖ്യ ആവശ്യം. ഈ നിലപാടിൽ ഒപിഎസ് പക്ഷം ഉറച്ചുനിന്നതാണ് ലയനം പ്രഖ്യാപനം വൈകിയത്. ഇതേതുടർന്നു ശശികലയെ പുറത്താക്കിയെന്നും സൂചനയുണ്ട്. ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഒപിഎസ് പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലയന ചർച്ചകൾ സജീവമായതോടെ തന്നെ സർക്കാർ ജയലളിതയുടെ മരണത്തിൽ ജുഡീഷൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ടി.ടി.വി. ദിനകരൻ വിളിച്ചു ചേർത്ത യോഗത്തിൽ 19 എംഎൽഎമാർ പരസ്യപിന്തുണയുമായി രംഗത്തെത്തി. ഇത് വരും നാളുകളിൽ തമിഴ്നാട്ടിൽ കൂടുതൽ രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിക്കും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച നടത്താനിരുന്ന തമിഴ്നാട് സന്ദർശം മാറ്റി വച്ചതായും സൂചനയുണ്ട്. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും ലയിച്ചതിനുശേഷം എൻഡിഎയുടെ ഭാഗമാകുമെന്നും അമിത് ഷായുടെ സന്ദർശനവേളയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനകൾ ഉണ്ടായിരുന്നു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *