ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് കൊന്ന സംഭവത്തില്‍ ശക്തമായി തിരിച്ചടിച്ച് കരസേന.

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് കൃഷ്ണ ഘാട്ടി മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് കൊന്ന സംഭവത്തില്‍ ശക്തമായി തിരിച്ചടിച്ച് കരസേന. റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പാക് ബങ്കറുകളും തകര്‍ത്തു.

സൈനികരുടെ മൃതദേഹം വികൃതമാക്കിയത് പൈശാചികമെന്ന് കരസേന ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) പാക് സൈന്യത്തെ അറിയിച്ചു. അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകളിലെത്തി സൈനികരെ വധിച്ച് തലയറുത്ത നടപടി ഭീരുത്വം നിറഞ്ഞതും മനുഷ്യത്വരഹിതവുമാണ്. പരിഷ്‌കൃത സമൂഹത്തിന്അം ഗീകരിക്കാവുന്നതിനപ്പുറമാണത്. ഡിജിഎംഒ ലഫ്. ജനറല്‍ ഭട്ട്, പാക് ഡിജിഎംഒയുമായി നടത്തിയ ഹോട്ട്‌ലൈന്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

മെയ് ഒന്നിന് പാക് അധിനിവേശ കശ്മീരിലെ ഭട്ടല്‍ മേഖലയില്‍ നിന്നു പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ ശക്തമായ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ (ബിഎറ്റി) സേനാംഗങ്ങളാണ് ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്തത്. 22-ാം സിഖ് ഇന്‍ഫന്ററിയിലെ നായിക് സുബേദാര്‍ പരംജീത് സിങ്ങും ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറുമാണ് കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെ സഹായത്തോടെയാണിത്. സംഭവസ്ഥലത്തിന് അടുത്ത് ബിഎറ്റി പരിശീലന ക്യാമ്പ് നടക്കുന്ന കാര്യവും ഡിജിഎംഒ, പാക് ഡിജിഎംഒയെ അറിയിച്ചു. പാക് കരസേനാംഗങ്ങളും മുജാഹിദ്ദീനുകള്‍ എന്നു വിളിക്കുന്ന ഭീകരരും ചേര്‍ന്ന സംഘമാണ് ബിഎറ്റി.

അതിര്‍ത്തി ലംഘിച്ച് 200 മീറ്റര്‍ ഉള്ളിലേക്ക് കടന്നായിരുന്നു ഈ ഭീകരത. സമീപത്തെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്ത് ശ്രദ്ധ തെറ്റിച്ച ശേഷമായിരുന്നു ബിഎറ്റി സംഘം അതിര്‍ത്തി ലംഘിച്ചത്. വളരെ നേരത്തെ തയാറാക്കിയ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു പാക് സൈന്യമെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പാക് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് സംഭവമെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നും ഭീകരരാണ് മൃതദേഹം വികൃതമാക്കിയതെന്നും പാക് കരസേന അറിയിച്ചു. പാക് സൈന്യം, സൈനികരെ, അത് ഇന്ത്യക്കാരനാണെങ്കില്‍ പോലും ബഹുമാനിക്കുന്നവരെന്നും പ്രസ്താവനയില്‍ പറയുന്നു. പാക് സൈന്യം വെറും തെമ്മാടിക്കൂട്ടമായി മാറിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്ങിന്റെ പ്രതികരണം.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *