ദയാവധം ആവശ്യപ്പെട്ട് കരിമ്പ് കര്‍ഷകരുടെ കത്ത്.

ദയാവധം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യുപിയിലെ കരിമ്പ് കര്‍ഷകരുടെ കത്ത്. ലഭിക്കാനുള്ള തുക 15 ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കത്തില്‍ പറയുന്നു. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി കൃഷി ഇറക്കിയതടക്കം ലക്ഷക്കണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.

ഉത്തര്‍പ്രദേശിലെ ഭഗ്പത്തില്‍ നിന്നുള്ള കരിമ്പ് കര്‍ഷകരാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി ആദിത്യനാഥിനും തങ്ങളുടെ കഷ്ടത വിവരിച്ച് കത്തെഴുതിയത്. മരിക്കാന്‍ അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കഴിഞ്ഞ സീസണില്‍ മികച്ച വിളവ് ലഭിച്ചു എന്നിട്ടും പണം ലഭിച്ചില്ല. പണമില്ലാത്തതിനാല്‍ ഇത്തവണ വിത്തിറക്കിയിട്ടില്ല. വീട്ടിലെ ദാരിദ്രം ഒരുവശത്ത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണുള്ളതെന്നാണ് കത്തിലെ ഉള്ളടക്കം.

ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ 4,135 കോടി, ബജാജ് ഗ്രൂപ്പ് 2,285 കോടി, മോഡി ഗ്രൂപ്പ് 462 കോടി എന്നിങ്ങനെ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഷുഗര്‍ മില്ലുകള്‍ 2015-16 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് 88.69 കോടി രൂപയാണ് നല്‍കാനുള്ളത്. ഇവ ലഭ്യമാക്കാനുള്ള നടപടി 15 ദിവസത്തിനകം സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ അപേക്ഷ. അല്ലാത്തപക്ഷം ആത്മഹത്യ ചെയ്യുമെന്നും സൂചിപ്പിച്ചാണ് കത്തവസാനിക്കുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *