നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും.

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്രചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലെത്തും. പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിക്കും. ഈ പ്രത്യേക പരിഗണന യുഎസ് പ്രസിഡണ്ടിനും പോപ്പിനും മാത്രമാണ് ഇസ്രായേല്‍ നല്‍കിയിട്ടുള്ളത്.

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലാകും സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ വികസനം, ശാസ്ത്രം, സാങ്കേതിക വിദ്യ, ബഹിരാകാശം, കൃഷി തുടങ്ങി നിരവധി സുപ്രധാന മേഖലകളില്‍ കരാറുകള്‍ ഒപ്പുവെയ്ക്കും. ഇന്ത്യ-ഇസ്രായേല്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയിലാണ് സന്ദര്‍ശനമെന്നതും പ്രത്യേകതയാണ്.

ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സ്വീകരണ പരിപാടിയിലുള്‍പ്പെടെ മോദിയെ നെതന്യാഹു അനുഗമിക്കും. മോദിക്ക് അത്താഴവിരുന്നും നെതന്യാഹു ഒരുക്കിയിട്ടുണ്ട്. ഗംഗാ നദീ ശുചീകരണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായും നാലു കോടി ഡോളറിന്റെ വ്യവസായ ഗവേഷണ വികസന നിധിയിലും കരാറുണ്ടാകും. ഒന്നാം ലോക മഹായുദ്ധത്തില്‍ പലസ്തീന്‍ പോരാട്ടത്തിന്റെ ഭാഗമായി ബലിദാനികളായ ഇന്ത്യന്‍ സൈനികരുടെ റൈഫയിലെ സ്മാരകത്തില്‍ മോദി ആദരാഞ്ജലി അര്‍പ്പിക്കും.

മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച മോഷെയെ സന്ദര്‍ശിക്കും. 2008ലെ ഭീകരാക്രമണ സമയത്ത് രണ്ടുവയസ്സായിരുന്ന മോഷെയുടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടിരുന്നു. ടെല്‍ അവീവ് മ്യൂസിയത്തിലെ ഇന്ത്യന്‍ ജൂത സംസ്‌കാരവുമായി ബന്ധപ്പെട്ട ഗാലറി മോദി സന്ദര്‍ശിക്കും. പ്രസിഡണ്ട് റൂവന്‍ റിവ്‌ലിനുമായും പ്രതിപക്ഷ നേതാവ് ഇസാക് ഹെര്‍സോങ്ങുമായും കൂടിക്കാഴ്ച നടത്തും.

മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്ന് നെതന്യാഹു പറഞ്ഞിരുന്നു. മോദിയും നെതന്യാഹുവും രണ്ട് തവണ വിദേശത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വ്യക്തിപരമായ സൗഹൃദവും ഇരുവര്‍ക്കുമിടയിലുണ്ട്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പലസ്തീന്‍ സന്ദര്‍ശിക്കുന്ന പതിവും മോദിയുടെ യാത്രയില്‍ ഇല്ല.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *