വധുവിന് സൗന്ദര്യമില്ല വീട്ടില്‍ കൂട്ടികൊണ്ടുപോകില്ലെന്ന് വരന്‍, പുലിവാല്‍ പിടിച്ച് ബന്ധുക്കള്‍ .

ലക്‌നൗ: കല്ല്യാണം കഴിഞ്ഞപ്പോള്‍, വധുവിന് സൗന്ദര്യമില്ലെന്നും വീട്ടില്‍ കൂട്ടികൊണ്ടുപോകാന്‍ സാധിക്കില്ലെന്നും വരന്‍ പറഞ്ഞതോടെ പുലിവാല്‍ പിടിച്ചത് ബന്ധുക്കള്‍ . ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലാണ് സംഭവം.

വിവാഹചടങ്ങുകളെല്ലാം കഴിഞ്ഞപ്പോഴായിരുന്നു വരന്റെ ഭാവമാറ്റം. ഇതോടെ വധുവും ബന്ധുക്കളും ആശങ്കയിലായി. തരണ്‍പൂര്‍ സ്വദേശിയായ ജയപ്രകാശ്, വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തുകയും വിവാഹചടങ്ങുകളില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ജയപ്രകാശിന്റെ ഭാവം മാറുകയായിരുന്നു.

‘ഭംഗിയില്ലാത്ത പെണ്ണിനെ കെട്ടിയവനെന്ന് സമൂഹത്തില്‍ നിന്നും പഴി കേള്‍ക്കേണ്ടിവരും. അതുകൊണ്ടാണ് വധുവിനെ വീട്ടില്‍ കൊണ്ടുപോകാത്തത്’ എന്നായിരുന്നു ജയപ്രകാശിന്റെ വിശദീകരണം.

തനിക്ക് ഈ വിവാഹത്തിന് ആദ്യമേ സമ്മതമല്ലായിരുന്നെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇവിടം വരെ എത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഒടുവില്‍ വീട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനോട് കാര്യങ്ങള്‍ സംസാരിച്ച് സമ്മതം നേടി.

എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും ജയപ്രകാശിനെ സ്വീകരിക്കുവാന്‍ വധു സന്നദ്ധയായി. ഭംഗിയല്ല, സ്‌നേഹമാണ് വലുതെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് വധു ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *