ലാലു പ്രസാദ് യാദവ്, ഭാര്യ രാബ്‌റി, മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി എന്നിവര്‍ക്കെതിരെ കോടികളുടെ പുതിയ അഴിമതിക്കേസ്.

ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ഭാര്യ രാബ്‌റി, മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി എന്നിവര്‍ക്കെതിരെ കോടികളുടെ പുതിയ അഴിമതിക്കേസ്.

ഇതോടനുബന്ധിച്ച് ഇന്നലെ ലാലുവിന്റെയും മക്കളുടേയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും കമ്പനികളിലും സിബിഐ റെയ്ഡും നടത്തി. റെയില്‍വേ മന്ത്രിയായിരിക്കെ വന്‍ അഴിമതി നടത്തിയെന്ന കേസില്‍ ലാലുവുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലായിരുന്നു വിശദമായ പരിശോധന. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് അനധികൃതമായി 1000 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ലാലുവിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇന്നലത്തെ റെയ്ഡ്.

ലാലു, ഭാര്യ രാബ്‌റി, മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി, അന്നത്തെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ എംഡി പികെ ഗോയല്‍, ലാലുവിന്റെ അനുയായിയും മുന്‍കേന്ദ്രമന്ത്രിയുമായ പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സുജാത എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുമുണ്ട്.പാട്‌നയിലെയും ദല്‍ഹിയിലെയും വസതികള്‍, ഗുഡ്ഗാവ്, ഒഡീഷയിലെ പുരി, ഝാര്‍ഖണ്ഡിലെ റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളിലും റെയ്ഡുണ്ടായിരുന്നു.

രാവിലെ ഏഴരയ്ക്ക് തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. സിബിഐ റെയ്ഡ് സമയത്ത് ലാലു കാലിത്തീറ്റ കുംഭകോണക്കേസില്‍ ഹാജരാകാന്‍ റാഞ്ചിക്ക് പോയിരിക്കുകയായിരുന്നു.

പുതിയ കേസ്
1 ലാലു യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഹോട്ടലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട്.
2 റെയില്‍വേ സ്‌റ്റേഷനുകളോട് ചേര്‍ന്നുള്ള റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് നടത്താന്‍ നല്‍കിയതില്‍ ക്രമക്കേട്.
3 റെയില്‍വേ മന്ത്രിയായിരിക്കെ പാട്‌നയില്‍ 32 കോടി വിലമതിക്കുന്ന മൂന്നേക്കര്‍ ഭൂമി വെറും 54 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. രണ്ട് റെയില്‍വേ ഹോട്ടലുകള്‍ നടത്താന്‍ വഴിവിട്ട് കരാര്‍ നല്‍കിയതു വഴിയാണ് മൂന്നേക്കര്‍ ഭൂമി സ്വന്തമാക്കിയതെന്നും ഇതിനു പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.

റാഞ്ചിയിലും പുരിയിലുമുള്ള ഹോട്ടലുകള്‍ ആദ്യം റെയില്‍വേ കാറ്ററിങ്ങ് കോര്‍പ്പറേഷന് കൈമാറി. പിന്നെയവ നടത്താന്‍ സ്വകാര്യ കമ്പനിക്ക് കൈമാറി. ഇതിന് സമ്മാനമായി അവര്‍ ലാലുവിന്റെ ഡിലൈറ്റ് മാര്‍ക്കറ്റിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന് മൂന്നേക്കര്‍ ഭൂമി ചുളുവിലയ്ക്ക് നല്‍കി. 2010നും 2014നും ഇടയ്ക്ക് ഈ ഭൂമി അവര്‍ ലാലുവിന്റെ ലാറ പ്രോജക്ട്‌സിന് കൈമാറി. സിബിഐ ചൂണ്ടിക്കാട്ടി.

കാലിത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ലാലുവിനെതിരെയുള്ളത്. അതിനു പുറമേ അനധികൃത സ്വത്തുകേസ് വേറെ. അടുത്തിടെ പുറത്തുവന്ന മറ്റൊരു കേസുണ്ട്, ആയിരം കോടിയുടെ സ്വത്തു കേസ്. അതിനും പിന്നാലെ ഈ മാസം അഞ്ചാം തീയതിയാണ് സിബിഐ പുതിയ കേസ് എടുത്തത്. ബിജെപി രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് ലാലുവിന്റെ പ്രതികരണം.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *