ദുരഭിമാനകൊല;യുവതിയെ സ്വന്തം വീട്ടുകാര്‍ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു

ഗുണ്ടനല്ല: കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണനല്ലയില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന ദുരഭിമാനകൊല. ദളിത് യുവാവിനെ പ്രണിയച്ചെന്ന കാരണത്താല്‍ ബാനു ബീഗം എന്ന മുസ്ലീം യുവതിയെ സ്വന്തം വീട്ടുകാര്‍ തന്നെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

ഇരുപത്തൊന്നുകാരിയായ ബാനു സയബന്ന ശരണപ്പ എന്ന ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും രണ്ട് വീട്ടുകാരും ശക്തമായി എതിര്‍ത്തു. ബന്ധം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ബാനുവും സയബന്നയും അതിന് തയ്യാറായില്ല. തുടര്‍ന്ന സയബന്നയെ ബാനുവിന്റെ വീട്ടുകാര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല മകളെ തട്ടിക്കൊണ്ടുപോകാന്‍ സയബന്ന ശ്രമിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ഇതോടെ കമിതാക്കള്‍ ഗോവയിലേയ്ക്ക് നാടുവിട്ടു. അവിടെ വെച്ച് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ബാനു ഗര്‍ഭിണിയായ ശേഷം ഇവര്‍ നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇരുവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പോലീസ് പറയുന്നു.

സയബന്നയെ ഉപേക്ഷിക്കാതെ ബാനുവിനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. എന്നാല്‍ വീട്ടുകാരുടെ തീരുമാനം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാത്രമല്ല അന്ന് രാത്രി ബാനുവിന്റെ അച്ഛനും സഹോദരനും ചേര്‍ന്ന് സയബന്നയെ തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ സയബന്ന അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പരാതിയും നല്‍കി.

ബാനുവിനെ കൂട്ടിക്കൊണ്ടു പോകാനായി തിരികെ വീട്ടിലെത്തിയ സയബന്നയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകളോടുള്ള വൈരാഗ്യം ആ കുടുംബം തീര്‍ത്തത് അതിക്രൂരമായിട്ടായിരുന്നു.

ഗര്‍ഭിണിയായ ബാനുവിനെ ക്രൂരമായി മര്‍ദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായി കുത്തിയ ശേഷം ബാനുവിനെ അവര്‍ ജീവനോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അമ്മ റമ്മന്‍ ബി അത്തറും സഹോദരിയും രണ്ട് സഹോദരന്മാരും അടക്കമുള്ളവരാണ് ഗര്‍ഭിണിയോട് ഈ കണ്ണില്‍ച്ചോരയില്ലാത്ത വിധമുള്ള ക്രൂരത കാട്ടിയത്. ബാനുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സയബന്നയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ബാനുബീഗത്തിന്റെ അമ്മ, സഹോദരി ദാവല്‍ സല്‍മ അത്തര്‍, സഹോദരന്മാരായ ജിലാനി ദിഖാനി, അക്ബര്‍ അത്തര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കുമേല്‍ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല നടത്താന്‍ കൂട്ടുനിന്ന മറ്റ് നാല് സഹോദരന്മാര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നടക്കുന്ന 13മത് ദുരഭിമാനക്കൊലയാണിത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *