ബിഹാറിലെ മഹാസഖ്യം അവസാനിപ്പിക്കുകയാണെന്ന വ്യക്തമായ സൂചന നല്‍കി ജനതാദള്‍ (യു).

ന്യൂദല്‍ഹി: ബിഹാറിലെ മഹാസഖ്യം അവസാനിപ്പിക്കുകയാണെന്ന വ്യക്തമായ സൂചന നല്‍കി ജനതാദള്‍ (യു). ആഗസ്ത് 28ന് തലസ്ഥാനത്ത് സഖ്യകക്ഷിയായ ആര്‍ജെഡി നടത്തുന്ന ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

”ആര്‍ജെഡിയുടെ പരിപാടിയില്‍ ജെഡിയു പങ്കെടുക്കില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന് ക്ഷണമുണ്ട്. വ്യക്തിപരമായി പങ്കെടുക്കണോയെന്ന് അദ്ദേഹം തീരുമാനിക്കും”. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം രജക് പറഞ്ഞു. നിതീഷും പരിപാടി ബഹിഷ്‌കരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണച്ചത് സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. അര്‍ദ്ധരാത്രി നടന്ന നടന്ന ജിഎസ്ടി ഉദ്ഘാടന സമ്മേളനം കോണ്‍ഗ്രസ്സും ആര്‍ജെഡിയും ബഹിഷ്‌കരിച്ചപ്പോള്‍ മന്ത്രിയെ അയച്ച് നിതീഷ് സഹകരിച്ചു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യം ലക്ഷ്യമിട്ടാണ് ‘ബിജെപി ഹഠാവോ ദേശ് ബച്ചാവോ’ എന്ന പരിപാടി ലാലു സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെയൊന്നാകെ വേദിയിലെത്തിക്കാനാണ് ക്ഷണം. ഇതിനിടെ കൂടെയുള്ള ജെഡിയു പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് ലാലുവിന് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, യുപി മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ലാലു പറയുന്നു.

മഹാസഖ്യത്തില്‍ മാസങ്ങളായി ഭിന്നതയുണ്ട്. ലാലുവും മക്കളും അനാവശ്യമായി ഭരണത്തില്‍ ഇടപെടുന്നതില്‍ നിതീഷ് അതൃപ്തിയിലാണ്. ബിനാമി ഇടപാടില്‍ ലാലുവിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ സഖ്യം ബാധ്യതയാകുമെന്ന് നിതീഷ് ഭയക്കുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ ബിഹാറിന്റെ മകളാണെന്നും പിന്തുണക്കണമെന്നുമുള്ള ലാലുവിന്റെ ആവശ്യത്തോട് പരിഹാസത്തോടെയാണ് നിതീഷ് പ്രതികരിച്ചത്.

നോട്ട് നിരോധനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയപ്പോള്‍ നിതീഷ് മോദിയെ പിന്തുണച്ചു. സഖ്യം ഉടന്‍ അവസാനിക്കുമെന്നാണ് ബിഹാറിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

 

 

 

 

 

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *