ഇരുപത്തിമൂന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു.

ചണ്ഡിഗഢ്: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച് ഉത്തരവിറക്കിയതിന്റെ മഷിയുണങ്ങും മുന്‍പ് സമാനരീതിയിലുള്ള ക്രൂരത ഹരിയാനയിലും. വിവാഹമോചനം നേടിയ ഇരുപത്തിമൂന്നുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുകൊന്നു. കേസില്‍ യുവതിയുടെ അയല്‍വാസിയും അയാളുടെ സുഹൃത്തും അറസ്റ്റില്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമെന്നു കരുതുന്നു. റോഹ്ത്തക്കിലെ വ്യവസായ മേഖലയ്ക്കു സമീപം വ്യാഴാഴ്ചയാണ് സോണിപത്ത് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടത്. തെരുവുനായ്ക്കള്‍ മുഖം കടിച്ചുപറിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖം വികൃതമായതിനാല്‍ പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചതായി മൃതദേഹ പരിശോധനയില്‍ വ്യക്തമായി.

യുവതി ജോലി ചെയ്തിരുന്ന സോണിപത്തിലെ ഫാക്ടറിക്കു മുന്നിലെ ക്യാമറകളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് അയല്‍ക്കാരന്‍ സുമിത് കുമാര്‍, ഇയാളുടെ സുഹൃത്ത് വികാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. സുമതിന്റെ വിവാഹാഭ്യര്‍ത്ഥന യുവതി നിരസിച്ചതാണ് പ്രകോപനത്തിനു കാരണം. മറ്റൊരാളുമായുള്ള അടുപ്പമാണ് ഈ അവഗണനയ്ക്കു പിന്നിലെന്നു സുമിത് കരുതിയെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ: ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ തടാകം കാണാനെന്നു പറഞ്ഞ് സുമിതും വികാസും കൊണ്ടുപോയി. എന്നാല്‍, ഒരു ഹോട്ടലിലാണ് ഇവരെത്തിയത്. അവിടെവച്ച് യുവതിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു നല്‍കി മയക്കിയ ശേഷം ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. എന്നാല്‍, വിവരം പോലീസിലറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ വീണ്ടും ക്രൂരമായി പീഡിപ്പിച്ചു.

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ജനനേന്ദ്രിയത്തില്‍ ക്ഷതമേല്‍പ്പിച്ചതിനു പുറമെ പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചു. പിന്നീട് വ്യവസായ മേഖലയിലേക്ക് എത്തിച്ച യുവതിയെ നിലത്തിട്ട് വലിച്ചിഴച്ചു. വീണ്ടും ബലാത്സംഗം ചെയ്ത ശേഷം തല കല്ലിലിടിച്ച് കൊലപ്പെടുത്തി.

ദേഹമാസകലം പരിക്കുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായതായി പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എസ്.കെ. ദത്തര്‍വാള്‍ പറഞ്ഞു. താടിയെല്ല് തകര്‍ന്നു. ആന്തരികമായ പരിക്കുകളുമുണ്ട്. വിഷമോ മയക്കുമരുന്നോ ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *