ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ഡോക്ടര്‍മാരെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തുവാലയുടെ റിപ്പോര്‍ട്ട്.

ന്യൂദല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ഡോക്ടര്‍മാരെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തുവാലയുടെ റിപ്പോര്‍ട്ട്. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍സഫലൈറ്റിസ് വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ മരണം ഓക്‌സിജന്റെ അപര്യാപ്തത മൂലമാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനസ്‌തേഷിയ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. സതീശ് കുമാര്‍, പ്രിന്‍സിപ്പലും ഓക്‌സിജന്‍ വിലയ്ക്ക് വാങ്ങുന്ന കമ്മിറ്റിയുടെ പ്രസിഡന്റുമായ ആര്‍.കെ. മിശ്രയുമാണ് ദാരുണമായ ദുരന്തത്തിന് കാരണക്കാരെന്ന് റത്തുവാലയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഓക്‌സിജന്‍ വിതരണ കമ്പനിയായ പുഷ്പ സെയ്ല്‍സും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ഡോ. കഫീലും ദുരന്തത്തിന് കാരണക്കാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് സെക്രട്ടറി രാജീവ് കുമാറാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് കൈപ്പറ്റിയത്. ദുരന്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ആഗസ്റ്റ് 20ന് സമര്‍പ്പിക്കും.

യുപിയിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ആഗസ്റ്റ് ഏഴിനാണ് 71 കുട്ടികളുടെ ജീവന്‍ അപഹരിച്ച ദാരുണ ദുരന്തമുണ്ടായത്. അന്ന് ദൈവദൂതനെന്ന് വാഴ്ത്തിയ ഡോ.കഫീലിന്റെ മുഖം മൂടി പിന്നീട് അഴിഞ്ഞു വീണിരുന്നു. ആശുപത്രിയിലെ ഓക്‌സിജന്‍ സിലന്‍ഡറുകള്‍ കഫീല്‍ നടത്തിയിരുന്ന സ്വകാര്യ ക്ലീനിക്കിലേയക്ക് കടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് ജില്ലാ മജസ്‌ട്രേറ്റും പുറത്ത് വിട്ടിരിക്കുന്നത്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *