ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ അന്വേഷണത്തിന് സിപിഎം കമ്മീഷനെ നിയമിക്കും

ന്യൂദല്‍ഹി: ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ അന്വേഷണത്തിന് സിപിഎം കമ്മീഷനെ നിയമിക്കും. പത്രികാ സമര്‍പ്പണത്തില്‍ സംസ്ഥാന നേതൃത്തിലെ ഒരു വിഭാഗം മനഃപ്പൂര്‍വ്വം വീഴ്ച വരുത്തിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിതല അന്വേഷണം.

നിശ്ചിത സമയത്തിനുള്ളില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം സ്ഥാനാര്‍ത്ഥി ബികേഷ് ഭട്ടാചാര്യയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. വിഷയം അടുത്ത കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്യും.

പത്രിക തള്ളിയതോടെ നാണക്കേടിന്റെ നെറുകയിലാണ് സിപിഎം. ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ലാതാകുന്നത്. ആറ് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ചെണ്ണം തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കും.

കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസ്സിന് അനായാസം ജയിക്കാം. തൃണമൂല്‍ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം നേരത്തെ പ്രകാശ് കാരാട്ട് പക്ഷം വെട്ടിയിരുന്നു.

ഇതിന് മറുപടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ആസൂത്രണം ചെയ്ത നാടകമാണ് പത്രികാ സമര്‍പ്പണത്തിലെ വീഴ്ചയെന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.

ഇതിനിടെ, പിണറായി ഭരണത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലാണെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ പറഞ്ഞു. പിണറായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിലും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിലും യെച്ചൂരി വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നായിരുന്നു വാര്‍ത്ത. പിണറായിയെ പിന്തുണച്ച് പ്രകാശ് കാരാട്ട് ആദ്യം രംഗത്തെത്തിയിരുന്നു. ഒരു ദിവസം വൈകിയാണ് പോളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പ്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *