എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ന്യൂദല്‍ഹി: നഷ്ടത്തിലോടുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതിക്കാണ് ഓഹരിവിറ്റഴിക്കലിന്റെ ചുമതല.

എയര്‍ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം യാഥാര്‍ത്ഥ്യമാകുകയാണെന്ന് സ്ഥിരീകരിച്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്രഓഹരികള്‍ ഏതു വിധത്തില്‍ വിറ്റഴിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും വ്യക്തമാക്കി. എത്ര സമയപരിധിക്കുള്ളില്‍ ഓഹരിവിറ്റഴിക്കല്‍ പൂര്‍ത്തിയാക്കണം, അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളും ഉപസമിതി തീരുമാനിക്കും, ജയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ എത്ര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത് എന്നതു സംബന്ധിച്ച് കേന്ദ്രധനമന്ത്രി തീരുമാനം അറിയിച്ചിട്ടില്ല.
എയര്‍ഇന്ത്യയുടെ കടബാധ്യത കേന്ദ്രസര്‍ക്കാരിന് താങ്ങാനാവുന്നതല്ലെന്നും സ്വകാര്യവല്‍ക്കരണം വിമാനക്കമ്പനിയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി എയര്‍ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ട്. 140 വിമാനങ്ങള്‍ സ്വന്തമായുള്ള എയര്‍ഇന്ത്യ 41 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും 72 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമാണ് സര്‍വ്വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വ്വീസുകളുടെ 17 ശതമാനവും ആഭ്യന്തര സര്‍വ്വീസുകളുടെ 14.6 ശതമാനവും എയര്‍ഇന്ത്യയാണ് നിയന്ത്രിക്കുന്നത്.

52,000 കോടി രൂപയുടെ കടബാധ്യതയിലാണ് എയര്‍ഇന്ത്യ. കമ്പനിയുടെ കൈവശമുള്ള വിമാനങ്ങളുടെ മൊത്തം മൂല്യത്തിന്റെ ഇരട്ടിയോളമാണ് കടം. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പരിഷ്‌ക്കരണ നടപടികളെത്തുടര്‍ന്ന് 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തിയെങ്കിലും യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയതിന്റെ ബാധ്യതയാണ് എയര്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

സര്‍വ്വീസുകള്‍ കൃത്യത കൈവരിച്ചതോടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും ഇന്ധനവില കുറഞ്ഞതും വഴിയാണ് 2015-16ല്‍ 105 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം എയര്‍ഇന്ത്യയ്ക്ക് ഉണ്ടായത്. ആകെ നഷ്ടം മുന്‍വര്‍ഷത്തെ 5,859 കോടിയില്‍ നിന്ന് 3,587 കോടി രൂപയായി കുറയുകയും ചെയ്തിരുന്നു. എസ്. സന്ദീപ്

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *