ആപ്പിന്‍റെ ആഴിമതി വിരുദ്ധത പൊയ് മുഖമായി മാറി

കരകയറാൻ കഴിയാത്ത വിധത്തിൽ പ്രതിസന്ധി ചുഴിയിലായി ആം ആദ്മി പാർട്ടിയും അതിന്റെ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാൾ. കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ജലവിഭവ മന്ത്രി കപിൽ മിശ്ര രംഗത്തെത്തിയതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള മുഖ്യകാരണം.
കുടിവെള്ള ടാങ്കർ മാഫിയയിൽ നിന്ന്‌ ലഭിച്ച രണ്ടു കോടി രൂപ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അരവിന്ദ്‌ കെജ്‌രിവാളിന്‌ കൈമാറുന്നത്‌ താൻ കണ്ടുവെന്ന്‌ മിശ്ര വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ടെന്നും അതൊന്നും കാര്യമാക്കേണ്ടെന്നും കെജ്‌രിവാൾ മറുപടി നൽകിയതായും മിശ്ര പറഞ്ഞു. കെജ്‌രിവാളിന്റെ ബന്ധുവിന്റെ ഭൂമിയിടപാട്‌ കേസ്‌ 50 കോടി രൂപ നൽകി ഒത്തുതീർത്തുവെന്നും ജെയിൻ തന്നോട്‌ പറഞ്ഞതായും മിശ്ര വെളിപ്പെടുത്തി. അഴിമതിക്കെതിരെ സംസാരിച്ചതിനാണ്‌ എന്നെ പുറത്താക്കിയത്‌. അഴിമതിയെ കുറിച്ച്‌ ലഫ്റ്റനന്റ്‌ ഗവർണറോട്‌ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച്‌ അഴിമതി വിരുദ്ധ ബ്യൂറോക്ക്‌ മൊഴി നൽകാൻ തയ്യാറാണെന്നും കപിൽ മിശ്ര വ്യക്തമാക്കി.
കെജ്‌രിവാളിന്‌ സത്യേന്ദ്ര ജെയിൻ രണ്ടു കോടി രൂപ കൈക്കൂലി നൽകിയതിനു ഞാൻ സാക്ഷിയാണ്‌. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ്‌ പണം കൈമാറിയത്‌. കെജ്‌രിവാളിനെ ഞാൻ വിശ്വസിച്ചിരുന്നു. അദ്ദേഹം സംശുദ്ധനാണെന്നാണ്‌ കരുതിയിരുന്നത്‌. പഞ്ചാബ്‌ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട്‌ ആം ആദ്മി പാർട്ടിയിൽ ക്രമക്കേടുകളുണ്ടായിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ്‌ കരുതിയിരുന്നത്‌. എന്നാൽ ഒന്നും സംഭവിച്ചില്ല. സത്യേന്ദ്ര ജെയിന്‌ എവിടെ നിന്നാണ്‌ ഇത്രയും പണമെന്ന്‌ അറിയില്ല. കൈക്കൂലിയുടെ തെളിവുകളെല്ലാം ലഫ്റ്റനന്റ്‌ ഗവർണർക്കു കൈമാറിയിട്ടുണ്ട്‌ മിശ്ര പറഞ്ഞു.
മന്ത്രിയായതിന്‌ പിന്നാലെ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരായ റിപ്പോർട്ട്‌ കെജ്‌രിവാളിന്‌ നൽകിയിരുന്നു. ആ റിപ്പോർട്ടിന്‌ എന്താണ്‌ സംഭവിച്ചത്‌ എന്ന്‌ എല്ലാവർക്കുമറിയാം. താൻ മാത്രമാണ്‌ ആരോപണ വിധേയനാകാത്ത മന്ത്രിയെന്നും സർക്കാരിലെ അഴിമതിയെക്കുറിച്ചുള്ള തെളിവുകൾ എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റിനും സിബിഐയ്ക്കും നൽകാൻ തയ്യാറാണെന്നും കപിൽ മിശ്ര വ്യക്തമാക്കി.
അരവിന്ദ്‌ കെജ്‌രിവാളിനെതിരെ നടത്തിയ ആരോപണം അസംബന്ധമെന്ന്‌ എഎപി നേതാവ്‌ മനീഷ്‌ സിസോദിയ പ്രതികരിച്ചു. കപിൽ മിശ്രയുടെ ആരോപണങ്ങളിൽ പ്രതികരണം അർഹിക്കുന്നതോ വസ്തുതകൾക്ക്‌ നിരക്കുന്നതോ ഒന്നുമില്ല. മോശമായ പ്രകടനത്തിന്റെ പേരിലാണ്‌ അദ്ദേഹം പുറത്താക്കപ്പെട്ടതെന്നും സിസോദിയ പറഞ്ഞു.
അഴിമതിയാരോപണം അടിസ്ഥാന രഹിതമാണെന്ന്‌ എഎപി നേതാവ്‌ കുമാർ വിശ്വാസ്‌ പ്രതികരിച്ചു. തനിക്ക്‌ 12 വർഷമായി കെജ്‌രിവാളിനെ അറിയാം. അദ്ദേഹം കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും കുമാർ വിശ്വാസ്‌ പറഞ്ഞു.
കെജ്‌രിവാളിനെതിരായ അഴിമതി ആരോപണത്തിൽ ദുഃഖമുണ്ടെന്ന്‌ അന്നാ ഹസാരെ. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒരാൾക്കെതിരേ അഴിമതി ആരോപണം ഉയരുന്നത്‌ വേദനിപ്പിക്കുന്നതാണെന്ന്‌ ഹസാരെ പറഞ്ഞു.
കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യവുമായി ബി ജെ പി രംഗത്ത്‌. കെജ്‌രിവാൾ ഗുരുതര അഴിമതി നടത്തിയെന്ന്‌ മന്ത്രിസഭാംഗമായിരുന്ന ആളാണ്‌ പറഞ്ഞത്‌. മിശ്രയുടെ വാക്കുകൾ ദൃക്സാക്ഷി മൊഴിയായി രേഖപ്പെടുത്തി കേസെടുക്കണമെന്ന്‌ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ്‌ തിവാരി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന ബിജെപി നേതൃത്വം ഡൽഹി ലഫ്റ്റനന്ര്‌ ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *