ആധാർ എടുക്കാത്തവർ നിരവധി.സുപ്രീം കോടതിയിൽ ഹർജി

രാജ്യത്തെ ബഹുഭൂരിപക്ഷവും ആധാർ കാർഡ്‌ എടുത്തുവെന്ന കേന്ദ്രസർക്കാരിന്റെ വാദം പാളുന്നു. രാജ്യത്തെ 91.5 ശതമാനം പേർ ആധാർ കാർഡ്‌ എടുത്തുവെന്നാണ്‌ കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിച്ചത്‌. എന്നാൽ ഇത്‌ അടിസ്ഥാനരഹിതമെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പരാതിയുമായി കോടതിയെ സമീപിച്ച മാഗ്സസെ അവാർഡ്‌ ജേതാവ്‌ ശാന്താസിൻഹ, സാമൂഹ്യപ്രവർത്തക കല്ല്യാണിസെൻ മേനോൻ എന്നിവർ അറിയിച്ചത്‌. കൂടാതെ മരിച്ചവരുടെ പേരുകളും ആധാർ എടുത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടതായുള്ള തെളിവുകളും ഇവർ കോടതിയിൽ നൽകി.
ആധാർ ഒരു പ്രത്യേക വിഭാഗത്തിന്‌ മാത്രമായി ചുരുങ്ങിയെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇത്‌ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതിക്കാരുടെ അഭിഭാഷകനായ വിപിൻ നായർ കോടതിയെ അറിയിച്ചു. സാമൂഹ്യക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിന്‌ ആധാർ നിർബന്ധമാക്കിയ നടപടി ഈ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ല.
ആധാർ ഇല്ലെന്ന പേരിൽ നിരവധിപേർക്കാണ്‌ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത്‌. ആധാർ കാർഡ്‌ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക്‌ മറുപടി നൽകാൻ പലപ്പോഴും പാവപ്പെട്ട ജനങ്ങൾക്ക്‌ കഴിയുന്നില്ല. ഇങ്ങനെയുള്ളവരിൽ ഭൂരിഭാഗം പേരുമാണ്‌ സാമൂഹ്യ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക്‌ അർഹരായത്‌.
2016 ഡിസംബർ 28ന്‌ കേന്ദ്രസർക്കാർ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ 99.9 ശതമാനം ജനങ്ങളും ആധാർ എടുത്തുവെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാൽ ഇതൊക്കെ അടിസ്ഥാന രഹിതമെന്ന്‌ തെളിയിക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കി. സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജനങ്ങൾക്ക്‌ നേരിട്ട്‌ ലഭ്യമാക്കിയതിലൂടെ കഴിഞ്ഞ രണ്ട്‌ സാമ്പത്തിക വർഷത്തിനിടയിൽ 49,560 കോടി രൂപ ലഭിച്ചുവെന്നാണ്‌ കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിച്ചത്‌. എന്നാൽ ഇത്‌ ഊതിപ്പെരുപ്പിച്ച കണക്കെന്നാണ്‌ വിപിൻ നായർ കോടതിയെ അറിയിച്ചത്‌.
പാചകവാതക സിലിണ്ടർ സബ്സിഡി ലഭിക്കുന്നതിന്‌ ആധാർ നിർബന്ധമാക്കി. ഇതിലൂടെ സബ്സിഡി ഇനത്തിൽ 26,408 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ ഇതും തെറ്റായ കണക്കുകൾ മാത്രമാണ്‌. ആധാറുമായി ബന്ധപ്പെട്ട്‌ സുപ്രിംകോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കേസ്‌ ഈ മാസം 27ന്‌ വീണ്ടും പരിഗണിക്കും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *