പെൺ ശവം – കഥ

പെൺ ശവം -Ashif Azeez

പുഴയിൽ ഒരു ശവം പൊങ്ങി..അതും പെൺ ശവം, അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടക്കുന്നു. ഇടതു ഭാഗത്തെ കരക്കാർ ഒഴുക്കിൽ ശവം അങ്ങോട്ട്‌ വന്നാൽ വടി കൊണ്ട് കുത്തി വലതു ഭാഗത്തെ കരയിലോട്ടു നീക്കി വിടും.. അവർ തിരിച്ചും..ദിവസങ്ങളായി ഈ കലാ പരിപാടി തുടങ്ങിയിട്ട്. ആരും കരയിലേക്കെടുത്തില്ല ..ഇടത്തോ വലത്തോ ഉള്ള സ്റ്റേഷൻ പരിധിയിൽ പെട്ട ആരും വന്നു നോക്കിയതുമില്ല. എന്നാലും കവലകളിൽ ശവം പൊങ്ങിയതിനെ പറ്റി അടക്കം പറയുന്നുണ്ട്. പെൺ ശവമാണ്‌, പെണ്ണിന്റെ വേഷം മുട്ട് വരേയുള്ള ഇത് വരെ കണ്ടിട്ടില്ലാത്ത കുപ്പായവുമാണ്‌ എന്നും ഒരഭിപ്രായം രൂപപ്പെട്ടു.തുണി ഉടുത്തോണ്ടാ മീൻ കൊത്താത്തത്‌ എന്ന് വീതിയുള്ള ബെൽറ്റ്‌ ഇട്ട ചായക്കടക്കാരനും ഉടുത്താലും കൊത്തും എന്ന് മക്കാനിയിൽ നിന്ന് തീയെടുത്ത് ബീഡി കത്തിച്ച താടിക്കാരനും തർക്കിച്ചു

” ബലാൽസംഘ കൊലപാതകം ” അതിൽ ആർക്കും തർക്കമില്ല.വടക്കുള്ള സാമൂതിരിയുടെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങാൻ പോയ ചാക്യാർ ഈ കഥ അറിഞ്ഞിട്ടില്ല. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളിയപ്പോൾ മാത്രം എല്ലാവരുടെയും മുഖത്ത് ഒരു പരിഭ്രാന്തി കണ്ടു. എങ്ങാനും വെളിച്ചപ്പാട് ശവം പൊങ്ങിയ കാര്യം പറഞ്ഞാലോ…പിന്നെ ഏറ്റെടുക്കേണ്ടേ ആ കരക്കാർ..വെളിച്ചപ്പാടിന്‍റെ കണ്ണിലും വല്ലാത്ത ഭീതി കണ്ടു , എല്ലാരും കണ്ടു..കഥയും ഇറങ്ങി……വെളിച്ചപ്പാടാണോ കൊലപാതകി. ഒറ്റ തടിയായി ജീവിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ.. അമ്പലത്തിൽ അസമയത്ത് വന്ന ഏതോ ബാലിക..ആ കഥക്ക് അധികം പ്രചാരം കിട്ടിയില്ല. ബാലിക അല്ലാത്തത് കൊണ്ടല്ല. വെളിച്ചപ്പാട് ഹൃദയാഘാതം മൂലം ഇന്നലെ മരിച്ചു.

വല്ല തമിഴരോ നാടോടികാളോ ആകും എന്ന് സമാധാനിക്കണം എന്നുണ്ടെങ്കിലും ശവം ആരുടെയാണ് എന്ന് മനസ്സിലാവേണ്ടേ. അവര് വല്ല കഞ്ചാവും തലക്ക് കേറിയപ്പോൾ ചെയ്തതാകും എന്ന കഥ ഇറങ്ങിയത്‌ ചായക്കടയിൽ നിന്നല്ല , സ്വർണം പോലെ തിളങ്ങുന്ന പിച്ചള കൊളാമ്പിയിൽ തുപ്പി കളിക്കുന്ന മുറുക്കാൻ സദസ്സിൽ നിന്നാണ്.

വേനൽ മഴ പെയ്തു. ശവം നാറാൻ തുടങ്ങി. രണ്ടു കരക്കാരും കുന്തിരിക്കം പുകക്കാൻ തുടങ്ങി , പക്ഷെ അതിലൊന്നും നിന്നില്ല. ദുരാത്മാവിന്റെ നാറ്റമല്ലേ.അതും ദുർമരണം.

മൂക്കിന്‍റെ പാലം പൊട്ടി പോകുന്ന നാറ്റം. കുട്ടികൾക്ക് അസുഖം വരാൻ തുടങ്ങി. ഗർഭിണികൾ പെറാതെയായി. ആയുസ്സെത്താത്തവർ ചത്ത്‌ തുടങ്ങി. കുഴിയിലേക്ക് കാല് നീട്ടിയവർ ചാകാതെയായ് …

നിവർത്തിയില്ലാതെ സാമൂതിരി വിദേശ പര്യടനം മതിയാക്കി തിരിച്ചെത്തി. പോലീസിന് നിവേദനം കൊടുത്തു. ബ്രിട്ടിഷ്പട്ടാളം പുഴയിൽ ഇറങ്ങി..ശവം തപ്പാൻ തുടങ്ങി. നാറ്റം കാരണം അവരും അധികം തിരഞ്ഞില്ല. പോയവരിൽ ചിലർക്ക് ചൊറി വന്നു..അതും ചോര വാർന്ന് പോകുന്ന മുഴകൾ ഉള്ള ചൊറി. പട്ടാളം സാമൂതിരിയോട് മല്ലന്മാരെ സഹായത്തിനു വിട്ട് തരാൻ പറഞ്ഞു. മല്ലന്മാരിൽ ഒരാൾ വെള്ളം കുടിച്ചു പൊങ്ങിയതോടെ മറ്റു മല്ലന്മാർ പിൻ വാങ്ങി നാട് വിട്ടു .

സാമൂതിരി വീണ്ടും വെട്ടിലായി. വസൂരിയും പൊള്ളയും ചൊറിയും വീണ്ടും വരും എന്ന് വൈദ്യന്മാർ മുന്നറിയിപ്പ് നൽകി. ഒരുപാട് വഴിപാടുകൾക്ക് ശേഷം സാമൂതിരിയുടെ മകളുടെ വയറ് നിറഞ്ഞതായിരുന്നു..ഇപ്പൊ ഈ നാറ്റം കാരണം പെറുന്നില്ല. സാമൂതിരിക്ക് കലി പൂണ്ടു. കുടിയാന്മാരോട് കല്പ്പിച്ചു. ആ പാവങ്ങൾ പുഴയിൽ ഇറങ്ങി. പുഴ മുഴുവൻ അരിച്ചു പെറുക്കി. ഇല്ല..ശവം കണ്ടെത്താനായില്ല.. അറബിക്കടലിൽ വരെ തപ്പി.. കിട്ടിയില്ല..കുടിയാന്മാരിൽ ചിലരുടെ തല പോയിട്ടും നാറ്റം പോയില്ല.

ഒരു മാസം കഴിഞ്ഞു .പരിഹാരമായി അപ്പൻ ദൈവങ്ങളെ വിട്ട് വീണ്ടും ദേവീ പൂജ തുടങ്ങി. നാട്ടിൽ ആദ്യമായി ഒരു കുഞ്ഞിത്തല പുറത്തു വന്നത് സാമൂതിരിയുടെ മകൾക്ക് തന്നെയായിരുന്നു , പക്ഷെ കുഞ്ഞിന്റെ മൂക്ക് അടഞ്ഞതായിരുന്നു.

*******************************

 

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *