മാതൃ സ്നേഹം.

പളളി മിനാരത്തിൽ നിന്നും ഫജ്ർ ബാങ്ക് മുഴങ്ങി. എന്നും ശല്യപ്പെടുത്താറുളള ഉമ്മയുടെ വിളി അന്നവനെ തേടിയെത്തിയില്ല .

മദ്യലഹരിയിൽ തളർന്നുകിടക്കുന്ന  അവനെ ഉണർത്താനെന്നോണം സുഹൃത്തിൻറെ ഫോൺ വന്നു.

“ഡാ വേഗം വാ ,ഞങ്ങള്‍  നിന്നെ  വെയ്റ്റ് ചെയ്യുവാ…സൂര്യ ബാർ റൂം നമ്പര്‍  101.”
സൂര്യ ബാറിലെ എ സി മുറിയുടെ കുളിർ ഓർമ്മ
അവൻറെ ഉറക്കിനെ തട്ടി മാറ്റി. ചാടിയെണീറ്റ് ബാത്ത് റൂം ലക്ഷ്യം വെച്ച് നടക്കുമ്പോൾ അവൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

“ഇന്നിനി എപ്പോള്‍ എത്താനാണ്…ഈ തളളയിതെവിടെ പോയി ചത്തു  കിടക്കുകയാണ്…
ഒന്ന് വിളിച്ചൂടെയീ കിളവിക്ക്…..”

കുളി കഴിഞ്ഞ് നേരെ ചെന്നത് അലമാരയിൽ ഉമ്മ  അലക്കിത്തേച്ച് വെച്ച ഷർട്ട് എടുക്കാൻ ആയിരുന്നു.

പുറത്ത് ഉമ്മറത്ത് തുറന്നു വെച്ച പ്ലേറ്റിൽ നിന്നും ചോറ് കൊത്തി തിന്നാന്‍ കലപില കൂട്ടുന്ന കാക്കകളെ കണ്ടപ്പോൾ അവൻ വീണ്ടും പിറുപിറുക്കുന്നുണ്ടായിരുന്നു .

“ഒരു വൃത്തിയും  വെടിപ്പും ഇല്ലാത്ത തളള ഭക്ഷണം  കയിച്ച പാത്രം പോലും ഇവിടെ ഇട്ടിട്ടു പോയേക്കുന്നത് കണ്ടില്ലേ….ശവം.”

ഷർട്ടെടുത്തിട്ട് കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകുമ്പോഴാണ് ഷർട്ടിൽ പറ്റിയ അഴുക്ക് കണ്ടത് .

ദേഷ്യം കയറിയ അവൻ നേരെ ചെന്നത് ഉമ്മ ഉറങ്ങുന്ന മുറിയിലേയ്ക്കായിരുന്നു.

അടിവയറിൽ കൈകൾ താങ്ങിക്കൊണ്ട് കിടക്കുന്ന ഉമ്മയുടെ മുഖത്തേയ്ക്ക് അവൻ ഷർട്ട് വലിച്ചെറിഞ്ഞു…
അസഭ്യവാക്കുകളോടെ അവൻ ഉമ്മയുടെ മുഖത്ത് ആഞ്ഞടിച്ചു.

അന്നാദ്യമായി അവൻറെ മർദ്ദനം ഏറ്റിട്ടും ഉമ്മ കരഞ്ഞില്ല. ഇനി ഉണരാത്ത ഉറക്കിലേയ്ക്ക് ഉമ്മ പോയെന്ന സത്യംമനസ്സിലാക്കാൻ അവൻ വൈകി.

അന്നാദ്യമായി അവൻറെ കണ്ണുകള്‍ ഉമ്മാക്ക് വേണ്ടി കരഞ്ഞു.അവൻറെ ചുണ്ടുകള്‍ ഉമ്മയെ മുത്തം വെച്ചു.

വലിച്ചെറിഞ്ഞ ഷർട്ടെടുത്ത്മാറ്റുമ്പോഴാണ് അവൻ ഉമ്മയുടെ കൈകള്‍ കണ്ടത്.

ഇടിമിന്നൽ പോലെ ഇന്നലെയുടെ ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെത്തി.
രാത്രി ഏറെ വൈകിയായിരുന്നു അവൻ വന്നത്.ആകെ ഉളള ഒരുപിടി ചോറ് മാറ്റി വെച്ച് വിശപ്പടക്കാൻ ചൂടുവെള്ളം കുടിക്കുകയായിരുന്നു ഉമ്മ

മുറ്റത്ത് മകൻറെ കാലൊച്ച കേട്ടതും ഉമ്മ വന്നു. “നീ എവിടെ ആയിരുന്നു മോനെ…ഉമ്മ  കാത്തിരിക്കുകയായിരുന്നു. ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്ദാ മോൻ കഴിക്ക് ഉമ്മ കഴിച്ചതാ”

മദ്യലഹരിയിൽ ഉളള അവന് ആ ഉമ്മയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
“മാറി നിൽക്കൂ തള്ളേ കേറിവരുമ്പോൾ തന്നെ വന്നോളും കഴിച്ചതിൻറെ ബാക്കി എച്ചിലുംകൊണ്ട്”

പറഞ്ഞതും അടിവയറിൽ നോക്കി ചവിട്ടിയതും ഒരുമിച്ചായിരുന്നു. നിലത്തു വീണ ഉമ്മയുടെ കൈകളിൽ നിന്നും ചോറ് ചിതറിത്തെറിച്ചു.
കണ്ണീര് അടക്കി നിലത്ത് വീണ ചോറ് പെറുക്കിയെടുക്കുമ്പോഴും കൈ വയറിനെത്താങ്ങിപ്പിടിച്ചിരുന്നു.വേദനയും വിശപ്പും ഒരുപോലെ ആ ഉമ്മയെ തളർത്തിയിരുന്നു.

ഉറക്കമുണരുമ്പോൾ മകന് വിശന്നാലോയെന്ന് കരുതി പെറുക്കിയെടുത്ത ചോറ് ഉറങ്ങുന്ന മകൻറെ കട്ടിലിനരികെ കൊണ്ടു വെച്ചു. ഉമ്മ കിടക്കാന്‍ പോയി.

ആ കണ്ണുകള്‍ ഉറങ്ങി ഒരിക്കലും ഉണരാത്ത ഉറക്കിലേയ്ക്ക്. ബാക്കി ചിതറിക്കിടന്ന ചോറ് കൊത്തിയെടുക്കാൻ കാക്കകൾ കലപില കൂട്ടിയെങ്കിലും കണ്ണീരിൻറെ ഉപ്പുരസം കലർന്നതിനാലാവാം കാക്കകൾ തിരിച്ചുപറന്നു.

അന്നവൻ ഉമ്മയെ ഉളളറിഞ്ഞു വിളിച്ചു.ഈ വിളി കേൾക്കാൻ കൊതിച്ച ഉമ്മയ്ക്ക് പക്ഷേ വിളികേൾക്കാൻ കഴിഞ്ഞില്ല .

ഉമ്മയെ സ്നേഹിക്കുക മരിച്ച് മലർന്ന്കിടക്കുമ്പോളല്ല. ചിരിച്ച് കൊണ്ട് നിവര്‍ന്നു നിൽക്കുന്ന സമയത്ത്.

സത്താർ കണ്ണപുരം.
ബഹ്റൈൻ.

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *