മടക്കയാത്ര – ഇബ്രാഹിം ക്യാമ്പസ്,റിയാദ്

മടക്കയാത്ര
***********
ഇബ്രാഹിം ക്യാമ്പസ്,റിയാദ്

“നജീബേ,
യ്യ് മൂന്ന് മാസത്തെ വാടക
തരാന്ണ്ട് മറന്നോ ” “ഇല്ല ഹാജ്യാരേ മറന്നില്ല ഒരു മാസമായി കടയില്‍ ജോലിക്ക് പോണില്ല” ” ഇൗ വീട് പലരും ചോദിക്കുന്നുണ്ട്, അനക്ക് ചെറിയ വാടകയ്ക്ക് വേറൊരു വീട്ടിലേക്ക് മാറിയാല്‍ ഇത്ര ബുദ്ധിമുട്ട് വരില്ലല്ലോ”
“ഇല്ല ഹാജ്യാരേ പുയ്യാപ്ള വന്നാല്‍ കിടക്കാന്‍ നല്ല മുറി വേണം” “പിന്നെ അവരുടെ ബന്ധുക്കളൊക്കെ വരുമ്പം അതൊരു കൊറവല്ലേ” “എനിക്കൊന്നുമില്ല,

പറഞ്ഞന്നേയുള്ളൂ അടുത്ത മാസം ഒന്നിച്ചു തരണം മറക്കണ്ട”…

അയാളുടെ മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു,മോള്‍ക്ക് നല്ലൊരാലോചന വന്നപ്പോഴാ ഗള്‍ഫിന്റെ ബാക്കി പത്രമായിരുന്ന ആ സ്ഥലവും വീടും വില്‍ക്കേണ്ടി വന്നത്,

പത്ത് വര്‍ഷത്തെ പ്രവാസം ഒരു വീടുണ്ടായി, പിന്നെ വീട്ടു ചിലവുകളും നടന്നെങ്കിലും മറ്റൊന്നും ബാക്കി വന്നില്ല…
മകളുടെ കല്യാണം കഴിഞ്ഞ് ഇനി ഗള്‍ഫിലേക്കില്ലെന്ന് ഉറപ്പിച്ചിട്ടാണ് കച്ചവടം തുടങ്ങിയത് അതെല്ലാം നിന്നു.

ഇപ്പോള്‍ ഒരു കടയില്‍ ചെറിയൊരു ജോലിക്കു പോയിത്തുടങ്ങി. ഗള്‍ഫ് നല്‍കിയ രോഗങ്ങൾ ഇപ്പോള്‍ കുറച്ചു കൂടിയതിനാലാണ് ഒരു മാസമായി ജോലിക്കു പോകാതിരുന്നത്, ഇനിയുമുണ്ട് ഒരു പത്തുവയസ്സുകാരി അയാളുടെ മനസ്സങ്ങിനെ കാട് കയറുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്…

മകളാണ് “ഉപ്പാ ഇന്ന് ഇക്കാക്ക് അവധിയാണ് ഞങ്ങള്‍ അങ്ങോട്ട് വര്ന്നൂ..”

“ടീ സഫിയാ മോള് വരുന്നെന്ന്” “പടച്ചവനേ ഒന്നുമില്ലല്ലോ പുതിയാപ്ളക്കു കൊടുക്കാന്‍”

“ഒാന്‍ കോഴി കൂട്ടുകയുമില്ല, നിങ്ങളിത്തിരി ആട് വാങ്ങീന്‍” “എന്റെ കയ്യിലെവിടുന്നാ സഫിയാ പെെസാ” “മോള് സ്കൂൾ വിട്ട് ഇപ്പോള്‍ വരും അവള്‍ക്കു കൊടുക്കാന്‍ പോലുമിവിടൊന്നുമില്ല”

നീ അപ്പുറത്തെ സിദ്ധീക്കിന്റെ വീട്ടീലൊന്ന് ചോയ്ക്ക്”…

സഫിയാത്ത സിദ്ധീഖിന്റെ വീട്ടിലെത്തുമ്പോള്‍ അവിടത്തെ പുയ്യാപ്ള ഒാട്ടോയില്‍ വന്നിറങ്ങുന്നു, എന്തൊക്കെയോ പൊതിക്കെട്ടുകള്‍ വണ്ടിയില്‍ നിന്ന് വീട്ടിലേക്ക് ഇറക്കി വെയ്ക്കുന്നു, “ന്താ സഫ്യാത്താ നിന്നു കളഞ്ഞെ” “മോനെപ്പൊ എത്തി” “ഞാനിപ്പൊ എത്തീട്ടേ ഉള്ളൂ, ഒാള് വന്നില്ല ഞാനീ വഴിക്കു പോയപ്പം ഒന്നു കേറീട്ടു പോകാന്ന് വിചാരിച്ച്”

സിദ്ദിഖിന്റെ ഭാര്യയോട് കാശും വാങ്ങി വേഗം വീട്ടിലെത്തി രൂപാ നജീബിനെ ഏല്‍പിച്ചു,

സെെക്കിളില്‍ മാര്‍ക്കറ്റിലേക്ക് പോകും വഴി അയാളുടെ മനസ്സ് പിടി തരാതെ പിന്നിലേക്കോടി…

പതിനഞ്ചു വര്‍ഷത്തെ പ്രവാസം പിരിഞ്ഞു പോരുമ്പോള്‍ കമ്പനീന്ന് കിട്ടുന്ന നല്ലൊരു തുകയായിരുന്നു മനസ്സിലെ ലക്ഷ്യം, എന്തൊക്കെയോ ചില അസുഖങ്ങൾ കാരണം അയാൾ വല്ലാതെ വിഷമിച്ചെങ്കിലും ചെക്കപ്പിനൊന്നും പോയില്ല, അവസാനം മകളുടെ നിക്കാഹിനായി ജോലി അവസാനിപ്പിച്ച് പോരുമ്പോള്‍ കമ്പനീന്ന് കാര്യമായൊന്നും കിട്ടിയില്ല, അതിനവര്‍ക്കു പറയാൻ കുറേ കാരണങ്ങളുമുണ്ടായിരുന്നു…

വീട് വില്‍ക്കുമ്പോള്‍ സങ്കടമുണ്ടായിരുന്നെങ്കിലും ഇത്ര നല്ല ബന്ധം ഇനി നോക്കണ്ട എന്ന ബ്രോക്കറുടെയും ബന്ധുക്കളുടേയും വാക്ക് കേട്ടപ്പോള്‍ മറ്റുള്ളതൊക്കെ മറന്നു…

വീടു വിറ്റതിനാല്‍ ആരുടെ മുന്നിലും കെെ നീട്ടാതെ ആ കാര്യം നടന്നു, മകളുടെ വിവാഹ ശേഷം
ചില കച്ചവടങ്ങള്‍ നടത്തിയതില്‍ വന്ന നഷ്ടം കുറച്ച് കടവുമുണ്ടാക്കി, വീട്ടാനൊരു വഴിയും കാണുന്നില്ല തിരിച്ച് വരുന്ന വഴി അയാളൊന്നു ഇടത്തേക്കു നോക്കി താന്‍ വിറ്റ വീട് ഇപ്പോള്‍ കൂടുതൽ ഭംഗിയായതു പോലെ തോന്നി പുതിയ പെയിന്റടിച്ചു മുറ്റത്ത് നല്ലൊരു പൂന്തോട്ടവും, അയാളുടെ കണ്ണ് നിറഞ്ഞു ചെറിയ വഴിയിലൂടെ മെയിന്‍ റോഡിലെ ട്രാവല്‍സിലേക്ക് കയറി “മ്മടെ കാര്യമെന്തായി സുബെെറേ”

“വിസ വന്നിട്ടുണ്ട് നെജീബ്ക്കാ പത്തു ദിവസത്തിനുള്ളില്‍ പുറപ്പെടണം ആയിരത്തഞ്ഞൂറ് റിയാല് കിട്ടും” “അത് മതി,റെഡിയാക്കിക്കോ സുബെെറേ” ആട്ടിറച്ചിയും വാങ്ങി വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് മരുമകന്‍ പുതുതായി വാങ്ങിയ ‘ഇന്നോവ’ കിടപ്പുണ്ടായിരുന്നു…

വീടിനു പിന്നിലൂടെ അടുക്കളയിലെത്തി “ങ്ങളെന്താ വെെക്യേ”
“സെെക്കിളിലല്ലേ ഞാൻ പോയേ…” അയാൾ വേഗം പിന്നിലൂടെ തന്നെ ഹാജ്യാരുടെ വീട് ലക്ഷ്യമാക്കി നടന്നു,

“ന്റെ വിസ വന്നിട്ടുണ്ട് ഹാജ്യാരേ,ടിക്കറ്റിന് കുറച്ച് പണം വേണം അവ്ടെ എത്യാലുടന്‍ അയച്ചുതരാം” “നീ ഇൗ വയ്യാണ്ടിരിക്കണ സമയത്ത് ഇനി എന്തിനാ പോണേ നജീബേ,അവിടെന്താ ജോലി”

“വീട്ടു ഡ്രൈവർ” “സാരല്ല്യ ഹാജ്യാരേ” “ശരി നിന്റെയിഷ്ടം ഞാൻ പറഞ്ഞൂന്നേയുള്ളൂ, നാളെ രാവിലെ വരിന്‍ പെെസ തരാം” വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ അയാളുടെ മുഖഭാവം പോലെ വെയിലിനോടൊപ്പം നല്ല മഴയും പെയ്യുന്നുണ്ടായിരുന്നു….

**************************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *