ക്ലാരയും , മഴയും പിന്നെയും പെയ്തിരുന്നു – സ്മിത സതീഷ്

ചില  പകലുകൾക്കു  ചോരയുടെ  മണം  ഉണ്ടായിരുന്നു , കശാപ്പുകാരന്റെ  അറവുശാലക്കു മുമ്പിൽ   വന്നു പെട്ട പോലെ   തോന്നി പലപ്പോഴും , കാലിൽ  ചുവന്ന  കറ  പറ്റിയത്  വീണ്ടും തുടയ്ക്കാൻ  വേണ്ടി സാരിയുടെ  തലപ്പ്  കുറച്ചു  പൊന്തിച്ചു  തൊട്ടടുത്ത  കല്ലിന് മേൽ കാലൊന്നു  കയറ്റി വെച്ചു,  അവളൊന്നു   താഴോട്ടു    പോകാനുള്ള ശ്രമം  നടത്തി , തൊട്ടടുത്ത     പെട്ടിക്കടയ്ക്കു മുമ്പിൽ നിന്നും  ആർത്തിയോടെ  കണ്ണുകൾ  അവളെ തേടി എത്തി  അതോടെ   താഴോട്ടു പോകാനുള്ള അവളുടെ ആഗ്രഹത്തെ  കടിഞ്ഞാണിട്ട്  നിർത്തി .

ആരാച്ചാരുടെ  കണ്ണുകൾ  മീരയുടെ വാക്കുകളിൽ കൂടെ വായിച്ചത് ആണോ അതോ സുഭാഷ്ചന്ദ്രന്റെ  വിഹിതം വായിച്ചപ്പോൾ  തോന്നിയ  വികാരം ആണോ എന്തോ  ഒന്നും അവൾക്കു മനസ്സിലായില്ല . ഒന്നു മാത്രമറിയാം  ഇപ്പോഴും      നല്ല വിലയുണ്ട്
നോമ്പുകാലം അല്ലെ  അപ്പോൾ നോമ്പു തുറയ്ക്കു മാംസം  ആകാം അല്ലാതിരിക്കാം ,ശരീരത്തിനകത്തിരുന്നു    ഓരോ മാംസ കഷണവും  അവളോട്     സംസാരിച്ചു ,ചില സമയങ്ങളിൽ  കയർത്തു സംസാരിച്ചു , അവൾ അത്ഭുതത്തോടെ   അവരുടെ സംസാരം  കേൾക്കാൻ ശ്രമിച്ചു . ഇവിടെ  എവിടെയോ മതങ്ങളും , വികാരങ്ങളും
വികാര രഹിതമായി  സംസാരിക്കുന്നു .

കൈവിരലുകൾക്കു  മുമ്പിൽ നഖങ്ങൾ   കൂർത്തിരിക്കുന്നു , അവിടവിടെ  ചുവപ്പു     തുള്ളികള്‍    ഒറ്റി  വീഴാൻ നിൽക്കുന്നു ,..പരസ്പരം  ചെളി വാരിയെറിയുന്നു  പലപ്പോഴും  ഭാഷയ്ക്കു അതീതമായി ……

ഒന്നുടെ വേഗം നടക്കാം  ഈ തെരുവിന്  ഇന്ന് ചോരയുടെ മനം പുരട്ടുന്ന മണം  ഉണ്ട് ,എല്ലാമാസവും   അനുഭവിക്കുന്ന  മണം  ആയതിനാലാവാം  ഇത്ര പെട്ടന്ന്  തെരുവിൽ   ആരാരും  കാണാതെ  കിടന്നിരുന്ന  മണം  അവൾക്കു അനുഭവപ്പെട്ടത് .”നായ ജന്മം  ” ഫൂ  …വയറ്റാട്ടി യുടെ  തുപ്പൽ  പോലെ  ആ വാക്കുകൾ   പലരില്‍നിന്നും  കേട്ടതിന്റെ ,ആത്മ നിന്ദ  അന്നാദ്യമായി  ആത്മാഭിമാനം ആയി തോന്നി ….ചോരയുടെ  മണം  പിടിച്ചു  അവൾ നടന്നു … അവൾക്കു ചുറ്റും  ഇഴഞ്ഞു വന്ന  കണ്ണുകളെ നോക്കി ഒന്നുടെ  സാരീയുടെ  തലപ്പ്  എടുത്തു അരയ്ക്കു കുത്തി , കണങ്കാലുകളെ  കാണിച്ചു നടന്നു ,  കാലിന്റെ  തുമ്പു കണ്ടാലും  ആക്രാന്തമാർന്ന  നോട്ടമെത്തും  എന്നു അവൾക്കറിയാം …അവരെ  വാശിയോടെ തന്റെ കാല്‍കീഴില്‍എത്തിച്ച സന്തോഷംപോലെ അവള്‍നടന്നു.

ക്ലാരയെ  പ്രണയിക്കുന്ന   യുവാക്കൾക്ക്  , യാഥാർഥ്യത്തിൽ  കണ്ടുമുട്ടുന്ന ക്ലാരകളെ  കാണുമ്പോൾ പുച്ഛമാണ് , അന്നേരം ജയകൃഷ്ണന്മാർക്കൊക്കെ  ഗാന്ധാരിയുടെ   കണ്ണുകളിൽ കെട്ടിയ പോലെ  കണ്ണുകെട്ടി നടക്കുന്നതാണ്  ഇഷ്ടം ,അവളൊന്നു  അമർത്തി ചിരിച്ചു  ശരിക്കും സ്ത്രീ എത്ര ശക്തിയുള്ളവളാണ് .ഒരെറ്റ നോട്ടം , ഒരു ചിരി  അതിൽ എല്ലാം  എന്തെല്ലാം അടങ്ങിയിരിക്കുന്നു  ,ഒപ്പം  സ്‌നേഹിക്കുമ്പോൾ    മാത്രം അവൾ    വിഡ്ഢിയാവുന്നുള്ളു , എത്ര മനസ്സിലാക്കിയാലും  വീണ്ടും  അവൾ  പ്രസവിക്കും  കുറെ വേണ്ടാത്ത ഓർമകളെ ….