ചിരിയുടെ വലിയ തിരുമേനിക്ക് ആശംസയുമായി കൊച്ചുമാന്ത്രികന്‍

ശൂന്യതയില്‍നിന്നും കേക്കും ക്രിസ്തുവിന്റെ ചിത്രവും എടുത്തു നല്‍കി ബാലമാന്ത്രികന്‍..

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്തയ്ക്ക് പാലാ വെള്ളിലാപ്പള്ളി സെന്റ് ജോസഫ് യുപി സ്കൂള്‍ നാലാംക്ളാസ് വിദ്യാര്‍ഥി എസ് അഭിനവ്കൃഷ്ണയാണ്(കണ്ണന്‍ മോന്‍) ജന്മശതാബ്ദിയ്ക്ക് മാസ്മരികതയുടെ ലോകം സൃഷ്ടിച്ച് നന്മകള്‍ നേര്‍ന്നത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് പാലാ ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍-ശ്രീജ ദമ്പതികളുടെ മകനായ കണ്ണന്‍മോന്‍ മാതാപിതാക്കള്‍ക്കൊപ്പം മാരാമണ്‍ അരമനയിലെത്തിയത്.

മുന്നിലിരുന്ന വലിയ മെഴുകുതിരിയിലേക്ക് വലിയ മെത്രാപോലീത്ത പകര്‍ന്ന ദീപം ഞൊടിയിടയില്‍ പൂക്കുലയാക്കി മാറ്റിയായിരുന്നു ബാലമാന്ത്രികന്‍ മായാജാലം സൃഷ്ടിച്ചത്. തുടര്‍ന്ന് ശൂന്യമായ പാത്രത്തില്‍നിന്ന് കേക്ക് എടുത്തു നല്‍കി. പിന്നെ ഒന്നുമില്ലാത്ത ഫോട്ടോഫ്രെയിം തിരുമേനിയ്ക്ക് നല്‍കി നെഞ്ചോടു ചേര്‍ത്ത് വയ്ക്കാന്‍ പറഞ്ഞു. ശിശുവിനെ പോലെ അനുസരണ കാട്ടിയ തിരുമേനിയോട് ഇനി ഫ്രെയിം തിരിച്ചുപിടിക്കാന്‍ പറഞ്ഞു. ശൂന്യമായിരുന്ന ഫ്രെയിമിനുള്ളില്‍ അപ്പോള്‍ ക്രിസ്തുവിന്റെ മനോഹര ചിത്രം. ഉടന്‍വന്നു തിരുമേനിയുടെ അഭിപ്രായം- ‘എന്റെ നെഞ്ചില്‍ ആകെയുണ്ടായിരുന്ന ക്രിസ്തുവിനെ എന്റെ പൊന്നുമോനേ നീ കൊണ്ടുപോകുകയാണോ’.

ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി അടച്ച പാത്രം തുറന്നപ്പോള്‍ കണ്ടത് പിറന്നാള്‍ കേക്ക്. കേക്ക് കണ്ടതോടെ തിരുമേനി പറഞ്ഞു ‘മുഖ്യമന്ത്രി പിണറായി വിജയനോട് നിനക്ക് ജോലി തരാന്‍ പറയാം. നാട്ടുകാര്‍ക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ ഇതാണ് നല്ല മാര്‍ഗം.’

ഇത്തരം കാഴ്ചകള്‍ക്ക് ശേഷമാണ് ഒരുപിടി റോസാപൂക്കള്‍ തിരുമേനിക്ക് കണ്ണന്‍ നല്‍കിയത്. പുഷ്പങ്ങള്‍ തിരുമേനി കൈയിലെടുത്ത് നോക്കിയപ്പോള്‍ അവ മിഠായികളായി. മലയാളക്കരയുടെ മഹായിടയന്റെ നൂറാം പിറന്നാളിന് ആശംസ നേരാനെത്തിയതായിരുന്നു ഈ കുരുന്ന് മാന്ത്രികന്‍. അഞ്ചാംവയസ്സില്‍ ശബരിമലയില്‍ മാന്ത്രിക കാഴ്ചകള്‍ ഒരുക്കിയായിരുന്നു തുടക്കം. റണ്‍ കേരള റണ്ണിന് മുന്നോടിയായി പാലാ ടൌണില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കണ്ണുകെട്ടി നടത്തിയ ഓട്ടം, മജീഷ്യന്‍ മുതുകാടിനൊപ്പം നടത്തിയ മാജിക് ഷോ അടക്കമുള്ള നിരവധി പരിപാടികളാണ് ഈ കൊച്ചു കലാകാരന്‍ ഇതിനകം നടത്തിയത്.

അഭിനവ്കൃഷ്ണയെയും കുടുംബത്തെയും അനുഗ്രഹിച്ച് രുചികരമായ ഭക്ഷണവും നല്‍കിയാണ് വലിയ മെത്രാപോലീത്താ യാത്രയാക്കിയത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *