ആലുവ: തമിഴ്നാട് സ്വദേശിയായ ട്രാൻസ്ജെൻഡർ റെയിൽവേ പുറന്പോക്കിലെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്ക്. നഗരത്തിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുമായി കൊല്ലപ്പെട്ടയാൾക്കുണ്ടായിരുന്ന അടുത്ത ബന്ധങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
ചിന്നസേലം സ്വദേശിയായ മുരുകേശൻ എന്ന ഗൗരിയെ(35)യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ ആലുവ റെയിൽവേ സ്റ്റേഷനു സമീപം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ആലുവ ഈസ്റ്റ് പോലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
വർഷങ്ങളായി കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന മുരുകേശൻ നഗരത്തിൽ അനാശാസ്യ പ്രവർത്തികൾക്കായി തന്പടിച്ചിരുന്ന സംഘത്തിൽപ്പെട്ടയാളായിരുന്നു. റെയിൽവേ ട്രാക്കിനു സമീപമുള്ള സാമൂഹ്യവിരുദ്ധരുടെ താവളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുക്കിയ നിലയിൽ കണ്ട മൃതദേഹം ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മറച്ചിരുന്നു.
പ്രദേശം സാമൂഹ്യവിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമായതിനാൽ നാട്ടുകാരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രകാലങ്ങളിൽ സ്ത്രീവേഷംധരിച്ച് എത്തുന്ന സംഘം സെന്റ് സേവ്യേഴ്സ് കോളജിനു സമീപമാണ് തന്പടിച്ചിരുന്നത്. വ്യാപാരസ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ ഈ പ്രദേശം വിജനമാണ്. സന്ധ്യമയങ്ങിയാൽ റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന എസ്എൻഡിപി സ്കൂളിനരികിലുള്ള റോഡുകളിലും ഇവർ നിലയുറപ്പിക്കാറുണ്ട്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇരകളെ തേടുന്ന സാമൂഹ്യവിരുദ്ധസംഘം പരസ്പരം ഏറ്റുമുട്ടുന്നതും പതിവാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്നും തൊഴിൽതേടിയെത്തിയവരിൽ ചിലരാണ് സംഘത്തിന്റെ കെണിയിൽ കൂടുതലായും അകപ്പെടുന്നത്. ഇത്തരത്തിലുള്ള അടുപ്പം കൊലപാതകത്തിൽ കലാശിച്ചതാകാം എന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിനുശേഷം സാമൂഹ്യവിരുദ്ധസംഘം നഗരത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഇവരുടെ വ്യക്തമായ പേരോ വിലാസമോ ലഭ്യമല്ലാത്തതിനാൽ അന്വേഷണം പോലീസിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്.
ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചും മൃതദേഹത്തിൽ നിന്നും ലഭിച്ച മൊബൈൽഫോൺ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ പറഞ്ഞു. ആലുവ സിഐ വിശാൽ കെ. ജോൺസൺ, എസ്ഐ എം.എസ്. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്