സുനന്ദ പുഷ്കറിന്റെ മൃതദേഹം മരിച്ച സ്ഥലത്തുനിന്ന്‌ മറ്റൊരു മുറിയിലേയ്ക്ക്‌ മാറ്റിയെന്നുൾപ്പെടെയുള്ള ഞെട്ടിക്കുന്ന തെളിവുകളുമായി ഓഡിയോ ടേപ്പുകൾ പുറത്ത്‌.

തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മൃതദേഹം മരിച്ച സ്ഥലത്തുനിന്ന്‌ മറ്റൊരു മുറിയിലേയ്ക്ക്‌ മാറ്റിയെന്നുൾപ്പെടെയുള്ള ഞെട്ടിക്കുന്ന തെളിവുകളുമായി ഓഡിയോ ടേപ്പുകൾ പുറത്ത്‌. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താമെന്ന്‌ സമ്മതിച്ചിരുന്നുവെങ്കിലും അതിന്‌ അവസരമുണ്ടാകുന്നതിന്‌ മുമ്പാണ്‌ മരണം നടന്നതെന്നാണ്‌ വാർത്ത പുറത്തുവിട്ട അർണാബ്‌ ഗോസ്വാമിയുടെ പുതിയ ചാനൽ റിപ്പബ്ലിക്‌ വ്യക്തമാക്കുന്നത്‌. സ്വകാര്യ ഹോട്ടലിലെ 307 ാ‍ം നമ്പർ മുറിയിൽനിന്ന്‌ 345 ാ‍ം നമ്പർ മുറിയിലേയ്ക്കാണ്‌ മൃതദേഹം മാറ്റിയത്‌. മരണം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ മാറ്റാനായിരുന്നു ഇതെന്ന്‌ ചാനൽ വെളിപ്പെടുത്തുന്നു. മരണം നടന്ന ദിവസത്തെയും തലേ ദിവസത്തെയും 19 ഓഡിയോ ടേപ്പുകളാണ്‌ ചാനൽ പുറത്തുവിട്ടത്‌. ശശി തരൂരിന്റെ സഹായി നാരായൺ സിങ്ങുമായി നടത്തിയ സംഭാഷണങ്ങളാണ്‌ ടേപ്പിൽ കൂടുതലായുള്ളത്‌.
സുനന്ദയുടെ സംഭാഷണവും ടേപ്പിലുണ്ട്‌. ഇതടക്കം 19 പേരുമായുള്ള ഫോൺ സംഭാഷണങ്ങളാണ്‌ ചാനൽ പുറത്തുവിട്ടത്‌.
സുനന്ദ മരിച്ച 2014 ജനുവരി 17 ലെയും തലേദിവസത്തേയും ഫോൺ സംഭാഷണങ്ങളാണിവ. സുനന്ദ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ തരൂർ തടുത്തുവെന്നത്‌ ടേപ്പിൽ നിന്നു വ്യക്തമാകുന്നു. എല്ലാം വെളിപ്പെടുത്തണമെന്ന്‌ സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന്‌ അവസരമുണ്ടാകുന്നതിന്‌ മുമ്പ്‌ അവർ മരിച്ച വാർത്ത പുറത്തുവന്നുവെന്നുമാണ്‌ പുതിയ വെളിപ്പെടുത്തൽ. സുനന്ദ പുഷ്കറുമായുള്ള തന്റെ സംഭാഷണത്തെ തരൂർ തടയാൻ ശ്രമിച്ചുവെന്ന്‌ സംഭാഷണം നടത്തിയ ലേഖിക പ്രേമ ശ്രീദേവി ചാനലിൽ വ്യക്തമാക്കുന്നുണ്ട്‌. ഈ സംഭാഷണങ്ങൾ ഡൽഹി പൊലീസിന്റെ പക്കലുണ്ടെന്നും എന്നാൽ അത്‌ ഗൗരവത്തിലെടുത്തില്ലെന്നും ലേഖിക വെളിപ്പെടുത്തുന്നുണ്ട്‌.
മരണത്തിന്റെ തലേന്ന്‌ സുനന്ദയുമായി നടത്തിയ സംഭാഷണമാണ്‌ ആദ്യത്തേത്‌. വീട്ടിൽ കീടനാശിനി പ്രയോഗിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ലീലാ ഹോട്ടലിന്റെ ഒമ്പതാം നിലയിലാണെന്നും സുനന്ദ പറയുന്നുണ്ട്‌. വളരെ ക്ഷീണിച്ച ശബ്ദത്തിലാണ്‌ സുനന്ദ സംസാരിച്ചതെന്നാണ്‌ ലേഖികയുടെ വിശദീകരണം. നാരായണൻ സിങ്ങുമായുള്ള സംഭാഷണങ്ങളാണ്‌ തുടർന്നുള്ള ഓഡിയോ ടേപ്പുകൾ. സുനന്ദയെ കാണാൻ ഹോട്ടലിലെത്തിയപ്പോഴുള്ള സംഭാഷണങ്ങളും പുറത്തുവന്നതിലുണ്ട്‌. സുനന്ദയുടെ അഭിമുഖം എടുക്കാൻ പറ്റില്ലെന്നാണ്‌ നാരായണൻ പറയുന്നത്‌. മാഡത്തിന്‌ ഫോൺ കൊടുക്കാമോ എന്ന ചോദ്യത്തിന്‌ പറ്റില്ലെന്നും മറുപടി പറയുന്നു. സുനന്ദയെ കാണാൻ പ്രേമ ശ്രമിക്കുമ്പോൾ തരൂരിന്റെ മറ്റൊരു സഹായി ആർ കെ. ശർമ തടഞ്ഞു. അപ്പോൾ മുറിയിൽ തരൂർ ഉണ്ടായിരുന്നുവെന്നാണ്‌ പ്രേമ പറയുന്നത്‌. ആർ കെ ശർമയുമായി പ്രേമ നടത്തിയ സംഭാഷണവും പുറത്തുവന്നതിലുണ്ട്‌.
രാവിലെ 6.30ന്‌ ഹോട്ടൽവിട്ട തരൂർ 9.30ന്‌ തിരിച്ചെത്തിയതായി നാരായണനുമായി നടത്തിയ അടുത്ത കോളിൽ പ്രേമ ശ്രീദേവി പറയുന്നു. ഇക്കാര്യം തരൂർ പൊലീസിനോടു പറഞ്ഞുവോയെന്നു വ്യക്തമല്ലെന്നും പ്രേമ പറയുന്നു. സുനന്ദ പുറത്തുപോയിട്ടില്ലെന്നും മുറിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും അടുത്ത ഓഡിയോ ടേപ്പിൽ നാരായണൻ വെളിപ്പെടുത്തുന്നു. ഞങ്ങൾ വീട്ടിൽ പോകും എന്നാണ്‌ അടുത്ത ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്‌.
ഹോട്ടലിനു പുറത്തിറങ്ങിയ തരൂർ വൈകിട്ട്‌ 8.20ഓടെയാണ്‌ തിരിച്ചെത്തുന്നതെന്ന്‌ നാരായണൻ വ്യക്തമായി പറഞ്ഞിരുന്നു. 307-ാ‍ം നമ്പർ മുറിയിൽനിന്ന്‌ 345ലെത്താൻ മൂന്നു മിനിട്ടു മതി.
2014 ജനുവരി 17നാണ്‌ ന്യൂഡൽഹിയിലെ ലീല പാലസ്‌ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മരണം നടന്ന്‌ മൂന്നു വർഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ്‌ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്‌. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട്‌ ശശി തരൂരിനെ പൊലീസ്‌ ചോദ്യം ചെയ്തിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *