ഉള്ളി അരിയുന്നതിന് പുറമേ ഇനി വില കേട്ടാലും കണ്ണ് നിറയും.

കൊച്ചി: ഉള്ളി അരിയുന്നതിന് പുറമേ ഇനി വില കേട്ടാലും കണ്ണ് നിറയും. സംസ്ഥാനത്ത് ചെറിയ ഉള്ളി 110ല്‍ എത്തി. വരള്‍ച്ച കാരണം പച്ചക്കറി ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്നാണ് വിപണിയില്‍ വില ഉയര്‍ന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വില നൂറു രൂപയായ കാര്യം കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് 110ല്‍ എത്തിയത്.

രണ്ട് മാസം മുമ്പ് വരെ 18-20 രൂപയായിരുന്നു വില. ഏപ്രില്‍ പകുതിയോടെ 70ലേക്കും, മെയ് ആദ്യം 90 രൂപയിലേക്കും വിലയെത്തി. ഉള്ളിയുടെ വില കൂടുമ്പോഴും സവാള വില സാധാരണ രീതിയില്‍ തുടരുകയാണ്. കിലോയ്ക്ക് 13 മുതല്‍ 15 വരെയാണ് വില. സവാളയുടെ വിലക്കുറവാണ് ഹോട്ടലുകാര്‍ക്കും, ഉള്ളി പ്രേമികള്‍ക്കും അല്പമെങ്കിലും ആശ്വാസം പകരുന്നത്. എന്നാല്‍ ഉള്ളിക്കൊപ്പം കാരറ്റിന്റെ വിലയും ഉയര്‍ന്ന് നില്‍കുകയാണ്. കിലോയ്ക്ക് 65 മുതല്‍ 80 വരെയാണ് വില.

തമിഴ്‌നാട്ടില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതും കടുത്ത വരള്‍ച്ചയില്‍ കൃഷി വ്യാപകമായി നശിച്ചതുമാണ് പെട്ടെന്നുള്ള വില വര്‍ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം മാര്‍ക്കറ്റുകളിലും ഉള്ളിവില കുതിക്കുകയാണ്. ഉത്തരേന്ത്യക്കാര്‍ക്ക് പ്രിയം സവാളയാണെങ്കിലും മലയാളിക്ക് ഉള്ളി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കറിക്കും, കടുക് വറുക്കാനും, സാമ്പാറിനും ഉള്ളി ആവശ്യമാണ്.

നിലവില്‍ സവാള പകരക്കാരനായി ഉപയോഗിക്കാന്‍ വീട്ടമ്മമാര്‍ നിര്‍ബന്ധിതരാകുകയാണ്. അടുത്താഴ്ചയോടെ വില 100ല്‍ താഴെയെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *