ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടിക്കെതിരേ അമ്മയും സഹോദരനും.

തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരേ അമ്മയും സഹോദരനും രംഗത്ത്. പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിൽ നിന്നും പിൻതിരിപ്പിക്കാൻ സ്വാമി ഗംഗേശാനന്ദ തീർഥപാദ (ശ്രീഹരി) ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് മാതാവിന്‍റെയും സഹോദരന്‍റെയും വിശദീകരണം. സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും നൽകിയ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരേ ഇരുവരും മൊഴി നൽകിയിരിക്കുന്നത്.

സ്വാമി ഒരിക്കൽ പോലും മകളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല. സ്വാമിക്ക് തങ്ങളുടെ വീടുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ട്. തിരുവനന്തപുരത്ത് വരുന്പോഴൊക്കെ സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലാണെന്ന വിവരം സ്വാമിയെ അറിയിച്ചു. അദ്ദേഹം ഈ ബന്ധത്തെ എതിർത്തതാണ് പെണ്‍കുട്ടിക്ക് സ്വാമിയോട് വൈരാഗ്യം തോന്നാൻ കാരണമായതെന്നും മാതാവും സഹോദരനും വിശദീകരിക്കുന്നു.

സംഭവ ദിവസം വളരെ സ്നേഹമായിട്ടാണ് സ്വാമിയോട് മകൾ പെരുമാറിയതെന്നും രാവിലെ 10ന് വീട്ടിൽ നിന്ന് പോയ മകൾ വൈകിട്ട് 6.30 ഓടെയാണ് തിരിച്ചെത്തിയതെന്നും മാതാവ് പറയുന്നു. അന്ന് പകൽ കാമുകനൊപ്പമാണ് മകൾ കഴിഞ്ഞത്. രാത്രി സ്വാമി വീട്ടിലെ ഹാളിലാണ് ഉറങ്ങാൻ കിടന്നത്. പാലും പഴവും താൻ സ്വാമിക്ക് നൽകിയ ശേഷം മടങ്ങുന്പോഴാണ് ശബ്ദം കേട്ടതെന്നും ഓടിയെത്തിയപ്പോൾ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ സ്വാമി കിടക്കുന്നതാണ് കണ്ടതെന്നും മാതാവ് പറയുന്നു.

മകളുടെ മുറിയിലോ വീടിന്‍റെ മറ്റേതെങ്കിലും ഭാഗത്തോ സ്വാമി പോയിട്ടില്ല. മകളുടെ കാമുകൻ തങ്ങളുടെ പക്കൽ നിന്നും ഭൂമി വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി 15 ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. അതിനാൽ സ്വാമിയെ ആക്രമിച്ച സംഭവം കാമുകന്‍റെ ഒത്താശയോടെയാണോ എന്ന് സംശയമുണ്ടെന്നും മാതാവിന്‍റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാമിയെ ആക്രമിച്ച ശേഷം പെണ്‍കുട്ടി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇതിന് ശേഷം സ്വാമിയെ കുടുക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും തങ്ങളെ സ്റ്റേഷനിൽ വിളിച്ച് സ്വാമിക്കെതിരേ മൊഴി നൽകാൻ പോലീസുകാർ ആവശ്യപ്പെട്ടുവെന്നും മാതാവ് പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. സ്വാമി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും മൊഴി നൽകാനായിരുന്നു പോലീസിന്‍റെ ആവശ്യം. തങ്ങളിതിന് വഴങ്ങിയില്ലെന്നും ഡിജിപിക്ക് പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *