സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി പൊളിച്ചു

ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി പൊളിച്ചു. സര്‍ക്കാരിന്റെ ആവശ്യങ്ങളെല്ലാം തള്ളിയ സുപ്രീംകോടതി, ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് അറിയാമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി കോടതിയെ കളിയാക്കുന്നതിന് തുല്യമാണെന്നും നിരീക്ഷിച്ചു.

25,000 രൂപ കോടതി ചെലവ് സഹിതമാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. 25,000 രൂപ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയില്‍ അടയ്ക്കണം. പ്രായപൂര്‍ത്തിയാവാത്തവരുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങള്‍ക്ക് തുക വിനിയോഗിക്കും.

സെന്‍കുമാറിനെ തിരികെ നിയമിച്ച സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സെന്‍കുമാറിന് അനുകൂലമായ കോടതി വിധിയിന്മേല്‍ പുനഃപരിശോധനാ ഹര്‍ജിയും കേരളം സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം തള്ളിയ കോടതി, വിധി വ്യക്തമാണെന്നും പുനര്‍ നിയമനം ഉടന്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കാനും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. സ്വന്തം ലേഖകന്‍

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *