പ്രണയ നൈരാശ്യമെന്ന് പോലിസ് കണ്ടെങ്ങിയ യുവാവിന്റെ ജിവനെടുത്തത് കൊലയാളി ഗെയിം ബ്ലൂ വെയിലെന്ന് സംശയം.

തലശ്ശേരി: പ്രണയ നൈരാശ്യമെന്ന് പോലിസ് കണ്ടെങ്ങിയ യുവാവിന്റെ ജിവനെടുത്തത് കൊലയാളി ഗെയിം ബ്ലൂ വെയിലെന്ന് സംശയം. കൊളശ്ശേരി കളരി മുക്കിലെ നാമത്ത് വീട്ടില്‍ സാവന്തിന്റെ മരണത്തിലാണ് സംശയം. മകന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടിരുന്നതായി മാതാപിതാക്കളായ എന്‍.വി.ഹരീന്ദ്രനും എം.കെ.ഷാഖിയും മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 19 നാണ്, ഡ്രാഫ്റ്റ് സ്മാന്‍ കോഴ്‌സ് പാസ്സായ സാവന്തിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ പരിശോധിച്ച പോലീസ് അവസാനം വിളിച്ചത് ഒരു പെണ്‍കുട്ടിയെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യാ കാരണം പ്രണയ നൈരാശ്യമാണെന്ന് ഉറപ്പിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പെരുമാറ്റത്തില്‍ ഏറെ പ്രത്യേകതകള്‍ കാണപ്പെട്ടു. തനിച്ചു കിടക്കും, രാത്രി ഏറെ വൈകിയേ ഉറങ്ങൂ. എന്ത് ചോദിച്ചാലും ദേഷ്യത്തോടെ പ്രതികരിക്കും. വളരെക്കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. എന്നെ ആര്‍ക്കും വേണ്ടെന്നും എന്നോടാര്‍ക്കും ഇഷ്ടമില്ലെന്നും ഇടക്കിടെ പറയും. ഞാന്‍ മരിച്ചാല്‍ അമ്മക്ക് വിഷമമുണ്ടാവുമോ എന്ന് വെറുതെ ചോദിക്കും. എപ്പോഴും മൊബൈല്‍ ഉപയോഗിക്കും. ഉറങ്ങാന്‍ കിടന്നാല്‍ പുതപ്പിനുള്ളില്‍ വച്ചും മൊബൈല്‍ കളിയാണ്. ഒരു ദിവസം വീട്ടില്‍ നിന്നിറങ്ങിപ്പോയ സാവന്ത് തിരിച്ചുവന്നില്ല.

ഫോണ്‍ സ്വിച്ച് ഓഫാക്കിയാണ് സ്ഥലം വിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി കടല്‍പ്പാലത്തിലാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ കൈയ്യിലുണ്ടായതെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. മകന്‍ പ്രേതസിനിമകളാണ് കൂടുതല്‍ കാണാറുള്ളതെന്ന് അമ്മ പറഞ്ഞു. ജോലിക്കുള്ള നിയമന ഉത്തരവ് വരാനിരിക്കെയായിരുന്നു സാവന്ത് മരണത്തെ സ്വയം വരിച്ചത്. കുട്ടി ഉപയോഗിച്ച ലാപില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ മകന്‍ കൈത്തണ്ടയില്‍ ബ്ലേഡ് വച്ച് കോറിയിട്ടതായി കാണപ്പെട്ടുവെന്നും ഷാഖി പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുള്ളതായി രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കേസ് അന്വേഷിക്കുന്നത്. തലശ്ശേരി മേഖലയില്‍ 25ലേറെ പേര്‍ ബ്ലൂ വെയില്‍ ഗെയ്മിന്റെ വലയിലായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *