റേഷന്‍ കാര്‍ഡില്‍ അപാകതകളുടെ കൂമ്പാരം.വിതരണം പ്രതിസന്ധിയില്‍

പതിനേഴ് ലക്ഷത്തോളം പേർ ആക്ഷേപം ഉന്നയിച്ച ഗുണഭോക്തൃ പട്ടികയിലെ അപാകതകൾ പരിഹരിക്കാതെയാണ് സംസ്ഥാനത്ത് പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ 16,73,422 പരാതികളാണ് പട്ടികയെ പറ്റി ഉണ്ടായത്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ മാത്രമാണ് നാമമാത്രമായി പുതിയ റേഷൻ കാർ‌ഡുകൾ വിതരണം ചെയ്തത്. ബാക്കിയുള്ളവയുടെ പ്രിന്റിംഗ് കഴിഞ്ഞ് കവർ ലാമിനേഷൻ നടക്കുകയാണ്. 2009 നവംബർ ഒന്നിന് നൽകിയ റേഷൻ കാർഡിന്റെ കാലാവധി തീർന്നിട്ട് മൂന്നു വർഷത്തിലേറെയായി.

മുൻഗണനാ പട്ടികയിൽ അർഹരല്ലാത്ത ആറു ലക്ഷത്തോളം പേർ കടന്നു കൂടിയതായി കണ്ടെത്തിയിരുന്നു. കുറച്ചുപേർ സ്വയം മാറിയതൊഴിച്ചാൽ ബാക്കിയുള്ളവർ പട്ടികയിലുണ്ട്. അത് പരിഹരിക്കാതെയാണ് റേഷൻ കാർഡ് നൽകുന്നത്. പട്ടികയിലെ അനർഹരെ ഒഴിവാക്കാൻ റേഷൻ ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിക്കാൻ മന്ത്രി പി. തിലോത്തമൻ മൂന്നു മാസം മുമ്പ് നിർദ്ദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥർ അതും ഉഴപ്പി. ചില സ്ഥലങ്ങളിൽ പേരിന് മാത്രം വീടുകൾ സന്ദർശിച്ചു. അങ്ങനെയാണ് അനർഹർക്കും മുൻഗണനാ കാർഡ് (ബി.പി.എൽ) നൽകേണ്ട അവസ്ഥ വന്നത്.

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി മുൻഗണനാ പട്ടിക തയ്യാറാക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. പക്ഷേ പരാതി പരിഹാരം ഇഴഞ്ഞു. പദ്ധതി വൈകിപ്പിച്ചത് സിവിൽ സപ്ളൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ്.

പിഴവിന് മൂന്ന് കാരണങ്ങൾ

1. നേരത്തേ അനർഹരും ബി.പി.എൽ പട്ടികയിൽ തുടർന്നതു പോലെയാണ് ഇപ്പോൾ മുൻഗണനാ പട്ടികയിൽ തുടരുന്നത്. പക്ഷേ, ഈ പട്ടികയിലുള്ള എല്ലാവരും സൗജന്യ അരി വാങ്ങില്ല. ആ റേഷൻ മറിച്ചു വിൽക്കാം. റേഷൻകടക്കാരും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരും ഹാപ്പി

2. വരുമാന സർട്ടിഫിക്കറ്റ്, ചികിത്സാ ആനുകൂല്യം തുടങ്ങിയവയ്ക്ക് മുൻഗണനാ (ബി.പി.എൽ) കാർ‌ഡ് വേണം. അതുകൊണ്ടാണ് മിക്കവരും കാർഡിന് ശ്രമിക്കുന്നത്.
3. മടിയന്മാരായ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ പട്ടിക പുനഃപരിശോധിക്കുന്ന ജോലി പോലും റേഷൻകടക്കാരനെ ഏല്പിക്കും. റേഷൻകടക്കാരാകട്ടെ അവർക്കിഷ്ടമുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തും.

കമ്പ്യൂട്ടർവത്കരണം ഉപേക്ഷിച്ചോ?
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം റേഷൻ വിതരണം കാര്യക്ഷമമാക്കാൻ കഴിഞ്ഞ സർക്കാർ കമ്പ്യൂട്ടർവത്കരണം തുടങ്ങി വച്ചതാണ്. ആറു റേഷൻകടകളേ കമ്പ്യൂട്ടർവത്കരിച്ചിട്ടുള്ളൂ. അളവും തൂക്കവും ഉറപ്പാക്കാനും ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നവരുടെ കണക്കും വകുപ്പിന് ലഭിക്കുമായിരുന്നു. ഇപ്പോൾ ആരും കമ്പ്യൂട്ടർവത്കരണത്തെ പറ്റി മിണ്ടുന്നില്ല.

പരാതികൾ പിന്നീട് പരിഹരിക്കും: മന്ത്രി പി. തിലോത്തമൻ
മുൻഗണന സംബന്ധിച്ച പരാതികൾ റേഷൻകാർഡ് വിതരണത്തിനു ശേഷവും പരിഹരിക്കാവുന്നതാണ്. റേഷൻകടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള വാതിൽപ്പടി വിതരണം കൊല്ലത്താണ് ആരംഭിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലും തുടങ്ങി. മറ്റ് ജില്ലകളിലും ഉടൻ ആരംഭിക്കും

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *