രാജേഷ് വധം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു ബന്ധുക്കള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎമ്മുകാര്‍ വധിച്ച ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ സംഘം സന്ദര്‍ശിച്ചു.
കമ്മീഷന്‍ എസ്പി സുമേധാ ദ്വിവേദി രാജേഷിന്റെ ബന്ധുക്കളില്‍ നിന്നു മൊഴിയെടുത്തത്. രാജേഷിന്റെ അമ്മ ലളിത, അച്ഛന്‍ സുദര്‍ശനന്‍, ഭാര്യ റീന, സഹോദരന്‍ രാജീവ് എന്നിവരോടാണ് എസ്പി സംസാരിച്ചത്. രാജേഷിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷന്‍ എസ്പിക്കു മുന്നില്‍ വച്ചു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കൊലയ്ക്കു പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കി. തുടക്കം മുതല്‍ പോലീസ് അന്വേഷണത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായാണ് സംശയിക്കുന്നത്. മുന്നു ദിവസം മുമ്പു മാത്രമാണ് പട്ടികജാതി പീഡന നിരോധന നിയമം പ്രതികള്‍ക്കെതിരെ ചുമത്തിയത്. അതും ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷം.

പന്ത്രണ്ടാം പ്രതി സംഭവം നടന്ന് ആറാം ദിവസം ജാമ്യംനേടി പുറത്തുവന്നത് പോലീസിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. കൊലനടത്തിയശേഷം കൊലയാളികള്‍ പ്രദേശത്ത് ബോംബാക്രമണം നടത്തിയതിനെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അന്വേഷിക്കുന്നില്ല. കൊലയ്ക്ക് ഉപയോഗിച്ച ആയുധം എവിടെ നിന്ന്, ആരു നല്‍കി, ആരുണ്ടാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നില്ല. പ്രതികള്‍ക്കെതിരെ 120 ബി വകുപ്പ് ചുമത്തിയത് വൈകിയാണ്.

രാജേഷ് കൊല്ലപ്പെടുന്ന ദിവസം ഉച്ചയോടെ പ്രദേശത്തെ പ്രമുഖ സിപിഎം നേതാക്കള്‍ ബന്ധുക്കളെയും കൂട്ടി വിലപിടിപ്പുള്ള വീട്ടുസാധനങ്ങളുമെടുത്ത് വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോയിരുന്നു. മന്ത്രികൂടിയായ കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രനുമായി ഏറെ അടുപ്പമുള്ളവരാണ് ഇത്തരത്തില്‍ പെരുമാറിയത്.

രാജേഷ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് സഹോദരന്‍ രാജീവിനെ തടഞ്ഞുനിര്‍ത്തി ജ്യേഷ്ഠനെ കൊല്ലുമെന്ന് ഇതേ സംഘം ഭീഷണിപ്പെടുത്തിയത് വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല. കൊല നടന്ന് എട്ടുദിവസം കഴിഞ്ഞാണ് ഗൂഢാലോചന ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *