സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ ബാലനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചത്‌,പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി

കൊച്ചി: സ്‌കൂള്‍ ബസ് ഡ്രൈവര്‍ അഞ്ചു വയസുള്ള വിദ്യാര്‍ഥിയെ ബസിനുള്ളില്‍ പീഡിപ്പിച്ചെന്ന കേസ് പോലീസും കുട്ടിയുടെ പിതാവും ചേര്‍ന്നു കെട്ടിച്ചമച്ചതാണെന്നു പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി. സംഭവത്തില്‍ പ്രതിയായ ഇടക്കൊച്ചി സ്വദേശി കെ.എസ്. സുരേഷിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക പോലീസുകാരില്‍നിന്ന് ഈടാക്കണമെന്നും പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് വിധിച്ചു.
കേസില്‍ സുരേഷിനെ ഹാര്‍ബര്‍ പോലീസ് മര്‍ദിച്ചെന്ന പരാതി തീര്‍പ്പാക്കവേയാണ് ചെയര്‍മാന്റെ ഉത്തരവ്. പോലീസ് മര്‍ദനമേറ്റ സുരേഷിന് ഒരു വര്‍ഷമായി ജോലിക്ക് പോകാനായിട്ടില്ല. നഷ്ടപരിഹാരം ആറാഴ്ചയ്ക്കുള്ളില്‍ നല്‍കണം.
50 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കാനുള്ള അര്‍ഹതയുണ്ടെന്നും കൂടുതല്‍ നഷ്ടപരിഹാരത്തിനായി മേല്‍ക്കോടതിയെ സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്ന ജോസഫ് സാജന്‍, അഡീഷണല്‍ എസ്.ഐയായിരുന്ന പ്രകാശന്‍, കോണ്‍സ്റ്റബിളായിരുന്ന രാജീവന്‍ എന്നിവരില്‍നിന്ന് തുക ഈടാക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിയില്‍ പറഞ്ഞപ്രകാരമുള്ള ലൈംഗികപീഡനം ബസിനുള്ളില്‍വച്ചു സാധ്യമല്ലെന്നും കുട്ടിയുടെ പിതാവും സുരേഷും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണു വ്യാജപരാതിക്കിടയാക്കിയതെന്നും കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ കണ്ടെത്തി.
കുട്ടിയെ സ്റ്റോപ്പില്‍ ഇറക്കുന്നതിനെച്ചൊല്ലി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രീയ വിദ്യാലയത്തിലെ ഡ്രൈവറായിരുന്ന സുരേഷും കുട്ടിയുടെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പ്രതികാരമായാണ് കുട്ടിയുടെ പിതാവ് സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജപരാതി നല്‍കിയത്.
എളമക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സംഭവത്തിന് എന്തുകൊണ്ടു ഹാര്‍ബര്‍ പോലീസ് നടപടിയെടുത്തുവെന്നതില്‍ ന്യായീകരണമില്ല. ഇത് കുട്ടിയുടെ പിതാവും ഹാര്‍ബര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദമാണ് കാരണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് നിരീക്ഷിച്ചു.
കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷിനെ ഗുരുതരമായി മര്‍ദിച്ചതിനു തെളിവുണ്ട്. എന്നാല്‍ അച്ചടക്ക നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതൊഴിച്ചാല്‍ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.
ഓടുന്ന ബസില്‍ 80 സെക്കന്‍ഡുകള്‍കൊണ്ടു പരാതിക്കാര്‍ ഉന്നയിച്ച രീതിയിലുള്ള അതിക്രമം ഉണ്ടാകുവാന്‍ സാധ്യതയില്ലെന്നിരിക്കെ അതൊന്നും പരിശോധിച്ചിട്ടില്ല. ബസിന്റെ ഷട്ടറുകളെല്ലാം അടയ്ക്കാന്‍ മാത്രം ഇത്രയും സമയമെടുക്കും. സ്‌കൂള്‍ നിബന്ധനപ്രകാരംഷട്ടറുകള്‍ അടയ്ക്കാന്‍ സാധിക്കുകയുമില്ല. ഇനി ഇത്തരത്തില്‍ ഡ്രൈവര്‍ അടച്ചാല്‍ത്തന്നെ കുട്ടി ബഹളം വയ്ക്കുകയും ചെയ്യും. ചങ്ങമ്പുഴ പാര്‍ക്കില്‍നിന്നു മാമംഗലംവരെ എത്തുന്ന സമയം കൊണ്ടാണ് കുട്ടിയെ പീഡിപ്പിച്ചെന്നു പറയുന്നത്. ഇത്രയും ചെറിയ സമയം കൊണ്ടോടുന്ന ബസില്‍ പോലീസ് പറയുന്നതു പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല.
അന്നേദിവസം കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. അഞ്ചു വയസു മാത്രമുള്ള കുട്ടി പോലീസ് എഫ്.ഐ.ആറില്‍ പറയുന്നതുപോലെ ഇത്രയും കൃത്യമായി മൊഴി കൊടുത്തെന്നത് വിശ്വസിക്കാനാകില്ലെന്നും ഈ മൊഴി പോലീസ് മനഃപ്പൂര്‍വം എഴുതിച്ചേര്‍ത്തതാണെന്നും അതോറിറ്റി വിലയിരുത്തി. കംപ്ലെയിന്റ്സ് അതോറിറ്റിയുടെ വിധികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തെ പോലീസ് വകുപ്പ് മനഃപൂര്‍വം വീഴ്പ വരുത്തുന്നുണ്ടെന്ന് സിറ്റിങ്ങിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *