പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം.

 

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. വൈകിട്ട് നാല് മണിമുതല്‍ www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. മേയ് 22 ആണ് അവസാന തീയതി. അന്നു തന്നെ ട്രയല്‍ അലോട്ട്‌മെന്റും നടക്കും.

ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്മെന്റും നടക്കും. ആദ്യ രണ്ട് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 2,94,948 സീറ്റുകളിലേക്കാണ് ഏകജാലക രീതിയില്‍ പ്രവേശനം നല്‍കുക. എയ്ഡഡ് സ്കൂളുകളിലെ മാനേജുമെന്റ് ക്വോട്ടയില്‍ 46,632 സീറ്റുകളും കമ്യൂണിറ്റി ക്വോട്ടയില്‍ 25,500 സീറ്റുകളുമുണ്ട്. അണ്‍ എയ്ഡഡ് സ്കൂളുകളിലെ 55,830 സീറ്റുകള്‍ കൂടെ ചേര്‍ത്ത് ഇത്തവണ 4,22,910 സീറ്റുകളാണ് മൊത്തം പ്രവേശനത്തിനായുള്ളത്.

ഏകജാലക രീതിയില്‍ പ്രവേശനം നടക്കുന്ന 2,94,948 സീറ്റുകളില്‍ 1,44,504 സീറ്റുകള്‍ സയന്‍സ് ഗ്രൂപ്പിലാണ്. 63,000 സീറ്റുകള്‍ ഹ്യുമാനിറ്റീസിലും 87,444 സീറ്റുകള്‍ കോമേഴ്സിലുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം 76,800 സയന്‍സ് സീറ്റുകളും 40,500 ഹ്യുമാനിറ്റീസ് സീറ്റുകളും 51,840 കോമേഴ്സ് സീറ്റുകളുമുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ 1,06,560 സയന്‍സ് സീറ്റുകളും 35,340 ഹ്യുമാനിറ്റീസ് സീറ്റുകളും 56,040 കോമേഴ്സ് സീറ്റുകളുമുണ്ട്.

സ്പോര്‍ട്സ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം രണ്ടുഘട്ടമായി നടത്തും. അപേക്ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി 75 താലൂക്ക് കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മേയ് 19വരെ ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *