കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചും വില്‍പ്പന നിയന്ത്രിച്ചും വിജ്ഞാപനം പുറപ്പെടുവിക്കുംമുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചും വില്‍പ്പന നിയന്ത്രിച്ചും വിജ്ഞാപനം പുറപ്പെടുവിക്കുംമുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്.

ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, നിരോധനം കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങള്‍ക്കും ബാധകമാണ്.

രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസം. അതുകൊണ്ടുതന്നെ, ഇത് പാവങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ്. ഇന്ന് കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ മത്സ്യം കഴിക്കുന്നതിനും നിരോധനം വരും. നിരോധനംമൂലം ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. തുകല്‍വ്യവസായത്തിന് അസംസ്കൃതവസ്തു കിട്ടാതാകും. ഈ നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലികളെ കൊണ്ടുപോകുന്നവര്‍ക്കെതിരെ സംഘപരിവാറുകാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. അത് തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചതില്‍നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആര്‍എസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *