ഇന്ന്‌ മുതല്‍ രാമപുരത്ത്‌ നാലമ്പല ദര്‍ശനം ആരംഭിക്കും

 

രാമപുരം: കര്‍ക്കിടകം ഒന്നാം തീയതിയായ ഇന്ന്‌ മുതല്‍ രാമപുരത്ത്‌ നാലമ്പല ദര്‍ശനം ആരംഭിക്കും. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ്‌ നാലമ്പലങ്ങള്‍. ക്ഷേത്രങ്ങള്‍ തമ്മില്‍ മൂന്ന്‌ കിലോമീറ്റര്‍ ദൂരമാണുള്ളത്‌. ഉച്ചപൂജയ്‌ക്ക്‌ മുന്‍പ്‌ ദര്‍ശനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിനാല്‍ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങള്‍ ഓരോ ദിവസവും ദര്‍ശനത്തിനായി എത്തിച്ചേരും.

 

മഴക്കാലം കൂടി കണക്കിലെടുത്ത്‌ നാല്‌ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വെളുപ്പിന്‌ നാലുമണിയ്‌ക്ക്‌ നിര്‍മാല്യ ദര്‍ശനത്തോടെ നാലമ്പലങ്ങളില്‍ ദര്‍ശനം ആരംഭിക്കും. തീര്‍ഥാടനത്തിരക്ക്‌ കണക്കിലെടുത്ത്‌ ഉച്ചയ്‌ക്ക്‌ 12 മണിക്കു ശേഷമേ ക്ഷേത്ര നടകള്‍ അടയ്‌ക്കുകയുള്ളു. െവെകിട്ട്‌ അഞ്ചുമണി മുതല്‍ 7.30 വരെയും ദര്‍ശന സൗകര്യമുണ്ട്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സി. നാലമ്പല സര്‍ക്കുലര്‍ സര്‍വ്വീസുകളും നടത്തും. ക്ഷേത്രങ്ങളില്‍ എല്ലാ ദിവസവും സൗജന്യ അന്നദാനവും ഉണ്ടായിരിക്കും.
ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അമ്പും വില്ലും സമര്‍പ്പണം, ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രത്തില്‍ ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ ശംഖ്‌ സമര്‍പ്പണം, ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ ചക്ര സമര്‍പ്പണം എന്നിവയാണ്‌ പ്രധാന വഴിപാടുകള്‍. വഴിപാടുകള്‍ക്ക്‌ ഉടന്‍ പ്രസാദം ലഭിക്കാനുള്ള ക്രമീകരണങ്ങളും നാലുക്ഷേത്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *