മുന്നാറിലെ റവന്യു സംഘത്തിന്റെ ഒഴിപ്പിക്കൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം തടഞ്ഞു.

മൂന്നാറിൽ സ്വകാര്യവ്യക്തി കയ്യേറിയ 22 സെന്റ്‌ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വസ്തു വിവര പട്ടിക ശേഖരിക്കാൻ എത്തിയ റവന്യു സംഘത്തെ കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞു. ഈ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന്‌ അധികാരമുണ്ടെന്ന്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കയ്യേറ്റം നടത്തിയ വി വി ജോർജും പ്രാദേശിക കോൺഗ്രസ്‌ നേതാക്കളും ചേർന്നാണ്‌ ഇന്നലെ വിവര ശേഖരണത്തിനായി എത്തിയ ദേവികുളം ആർ ഡി ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട്‌ ആർ സുരേഷ്‌ കുമാറിനെയും സംഘത്തെയും തടഞ്ഞത്‌. റവന്യു ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന്‌ വി വി ജോർജിനും ദേവികുളം ബ്ലോക്ക്‌ പഞ്ചായത്തംഗം വിജയകുമാർ, ജി മുനിയാണ്ടി എന്നിവർക്കും കണ്ടാലറിയാവുന്ന ആറ്‌ പേർക്കെതിരെയും മൂന്നാർ പൊലീസ്‌ കേസെടുത്തു.
ഭൂമിയിൽ സർക്കാരിനാണ്‌ പൂർണ്ണ അവകാശമെന്ന റവന്യുവകുപ്പിന്റെ ഉത്തരവ്‌ ശരി വച്ചു കൊണ്ട്‌ കഴിഞ്ഞ 4ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ വിധിയുടെ പകർപ്പ്‌ റവന്യു വകുപ്പിന്‌ ലഭിച്ചതിനെ തുടർന്നാണ്‌ സബ്കളക്ടറുടെ നിർദ്ദേശ പ്രകാരം സ്ഥലം അളന്ന്‌ സ്ഥിതി വിവര പട്ടിക തയ്യാറാക്കാൻ റവന്യു സംഘം എത്തിയത്‌. അനധികൃതമായി സ്ഥലം കൈവശം വച്ചു കൊണ്ടിരുന്ന വി വി ജോർജിനെ നിയമാനുസൃതം അറിയിച്ച ശേഷമായിരുന്നു റവന്യു സംഘം ഇന്നലെ ഉച്ചക്ക്‌ ഒരു മണിയോടെ വിവര ശേഖരണത്തിനായി എത്തിയത്‌.
എന്നാൽ സ്ഥലത്തെ കോൺഗ്രസ്‌ നേതാക്കളുമായി സ്ഥലത്തെത്തിയ വി വി ജോർജ്ജ്‌ ഹോം സ്റ്റേ തുറന്നു കൊടുക്കുവാനോ സ്ഥലം അളക്കാനോ സമ്മതിച്ചില്ല. കോടതി വിധിയിൽ സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ മൂന്ന്‌ മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞായിരുന്നു തടസം നിന്നത്‌. എന്നാൽ സാവകാശം വേണമെന്ന ഹർജിക്കാരനായ വി വി ജോർജിന്റെ ആവശ്യം അംഗീകരിക്കാത്ത കോടതി എത്രയും പെട്ടെന്ന്‌ സർക്കാർ സ്ഥലം ഏറ്റെടുക്കണമെന്നും ഇതിനായി ഹർജിക്കാരന്റെ സാന്നിധ്യത്തിൽ വിവരശേഖരണം നടത്തണമെന്നുമാണ്‌ വിധിയിൽ പറഞ്ഞിരിക്കുന്നതെന്ന്‌ റവന്യു സംഘം വിവരിച്ചെങ്കിലും ജോർജും കൂട്ടരും അത്‌ ചെവിക്കൊണ്ടില്ല. ജോർജിന്റെയും കൂട്ടരുടെയും എതിർപ്പിനെ മറികടന്ന്‌ സ്ഥലം അളക്കാൻ തുടങ്ങിയതോടെ റവന്യു സംഘത്തെ കോൺഗ്രസ്‌ നേതാക്കളായ വിജയകുമാറിന്റെയും ജി മുനിയാണ്ടിയുടെയും നേതൃത്വത്തിൽ ആക്രമിക്കാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസാണ്‌ റവന്യു സംഘത്തെ അക്രമണത്തിൽ നിന്ന്‌ രക്ഷിച്ചത്‌. സംഘർഷം ഉടലെടുത്തതിനെ തുടർന്ന്‌ റവന്യു സംഘം വിവരശേഖരണം നിർത്തുകയും ജോർജിനും കോൺഗ്രസ്‌ നേതാക്കൾക്കുമെതിരെ മൂന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന്‌ ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞതിനും കോടതി വിധി നടപ്പിലാക്കാൻ അനുവദിക്കാത്തതിനും ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുക്കുകയായിരുന്നു. ഹൈക്കോടതി വിധി നടപ്പിലാക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വി വി ജോർജിന്റെ നേതൃത്വത്തിലെത്തിയ സംഘം അനുവദിച്ചില്ലെന്ന്‌ കാണിച്ച്‌ റവന്യു സംഘം ഇന്ന്‌ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ഹൈക്കോടതിയുടെ നിർദേശമനുസരിച്ചായിരിക്കും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കൂടുതൽ നടപടികൾ റവന്യു വകുപ്പ്‌ സ്വീകരിക്കുകയുള്ളു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *